റോഡ് സുരക്ഷാ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു കർഷകൻ തന്റെ സ്കൂട്ടറിൽ ഭീമമായ അളവിൽ പുല്ല് കയറ്റി യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
കേരള മോട്ടോർ വാഹന വകുപ്പ് (എംവിഡി) തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. വഴിപോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം അമിതമായി പുല്ല് കയറ്റി അതിസാഹസികമായാണ് ഇയാൾ യാത്ര ചെയ്യുന്നത്.
പ്രശസ്തമായ 'ഈ പറക്കും തളിക' എന്ന സിനിമയിലെ 'ഒരു കാടിളകി വരുന്നതുപോലെ' എന്ന തമാശ കലർന്ന ഡയലോഗ് ചേർത്താണ് എംവിഡി ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതെങ്കിലും, ഇതിനു പിന്നിലെ സുരക്ഷാ ഭീഷണിയെ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
ജീവിക്കാൻ വേണ്ടിയുള്ള കഷ്ടപ്പാടാണെന്ന് അറിയാമെങ്കിലും അതിനായി ജീവൻ പണയപ്പെടുത്തണോ എന്ന ചോദ്യമാണ് മോട്ടോർ വാഹന വകുപ്പ് പ്രധാനമായും ഉയർത്തുന്നത്. വീഡിയോ പുറത്തുവന്നതോടെ പൊതുജനങ്ങളിൽ നിന്നും വിഭിന്നമായ പ്രതികരണങ്ങളാണ് വരുന്നത്.
നിയമം ലംഘിച്ചുള്ള യാത്ര അപകടകരമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കർഷകന്റെ ദയനീയാവസ്ഥയെ അനുകൂലിച്ചാണ് വലിയൊരു വിഭാഗം രംഗത്തെത്തിയത്.
ഇത്രയും വലിയ റിസ്ക് എടുത്ത് ഹൈവേയിലൂടെ യാത്ര ചെയ്യണമെങ്കിൽ അയാൾ അത്രയധികം കഷ്ടപ്പാടനുഭവിക്കുന്ന ആളായിരിക്കുമെന്നും, അതിനാൽ ഭീമമായ തുക പിഴയായി ഈടാക്കി അദ്ദേഹത്തെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്നും പലരും അഭ്യർഥിക്കുന്നുണ്ട്.
മറ്റു പല നിയമലംഘനങ്ങളും നടക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാൻ അദ്ദേഹം കാണിച്ച ജാഗ്രതയെ ചിലർ പ്രശംസിക്കുന്നുമുണ്ട്. തമിഴ്നാട്ടിലും മറ്റും ഇത്തരം കാഴ്ചകൾ സർവ്വസാധാരണമാണെന്നും ഇത്ര വലിയ ആഘോഷമാക്കാൻ ഇതിൽ ഒന്നുമില്ലെന്നുമാണ് മറ്റ് ചിലരുടെ പരിഹാസം കലർന്ന കമന്റുകൾ.
അതേസമയം, ഈ സംഭവത്തെ മുൻനിർത്തി സർക്കാരിനും കെഎസ്ആർടിസിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
കാലപ്പഴക്കം ചെന്ന ബസുകൾ ഉപയോഗിച്ചും അമിതവേഗതയിൽ വാഹനം ഓടിച്ചും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്ന അധികാരികൾ, പാവപ്പെട്ട കർഷകനെ വേട്ടയാടുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പൊതുഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തവർ പാവപ്പെട്ടവന്റെ നിസഹായാവസ്ഥയെ വരുമാനമാക്കി മാറ്റരുതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.
സാഹസികതയും കഷ്ടപ്പാടും നിയമലംഘനവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ വീഡിയോ ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്.