ചൈനയിലെ ഷിൻജിയാങിൽ നടന്ന സ്കൂൾ കായിക മേളയ്ക്കിടയിൽ റോബോട്ട് നിയന്ത്രണം വിട്ട് പെരുമാറിയ സംഭവം സാങ്കേതിക ലോകത്ത് വലിയ ചർച്ചയാകുന്നു.
പ്രദർശനത്തിന്റെ ഭാഗമായി നൃത്തം ചെയ്തുകൊണ്ടിരുന്ന ഹ്യൂമനോയിഡ് റോബോട്ട് പെട്ടെന്ന് നിലതെറ്റി വീഴുകയും ചുറ്റുമുണ്ടായിരുന്ന വിദ്യാർഥികൾക്ക് നേരെ അക്രമാസക്തമായ രീതിയിൽ കൈകാലുകൾ വീശുകയുമായിരുന്നു.
റോബോട്ടിന് അരികിലേക്ക് കൂടുതൽ കുട്ടികൾ എത്തിയതോടെയാണ് സ്ഥിതിഗതികൾ മാറിയത്. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന പരിഭ്രാന്തിക്കൊടുവിൽ റോബോട്ടിന്റെ സഹായി ഓടിയെത്തി അതിനെ അവിടെനിന്ന് മാറ്റി.
കുട്ടികൾ വേഗത്തിൽ പിന്നോട്ട് മാറിയതിനാൽ വലിയൊരു അപകടം ഒഴിവാകുകയും ആർക്കും പരിക്കേൽക്കാതിരിക്കുകയും ചെയ്തു. പ്രശസ്ത ചൈനീസ് നിർമ്മാണ കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് വികസിപ്പിച്ച റോബോട്ടാണ് ഇതെന്നാണ് സൂചന.
ആളുകൾ കൂട്ടമായി അടുത്തേക്ക് വന്നപ്പോൾ റോബോട്ടിലെ സെൻസറുകൾക്ക് സംഭവിച്ച ആശയക്കുഴപ്പമാകാം ഈ അസ്വാഭാവിക പെരുമാറ്റത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും കമ്പനി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
സമാനമായ സാങ്കേതിക പിഴവുകൾ മുൻപും ഇത്തരം റോബോട്ടുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളോടെ പൊതുവേദിയിൽ അവതരിപ്പിച്ച റോബോട്ട് പെട്ടെന്ന് നിയന്ത്രണം വിട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്.