ഐഐടി ഹൈദരാബാദ് ക്യാമ്പസിലെ തെരുവുനായ്ക്കളെ ദ്രോഹിക്കാനും വകവരുത്താനും വിദ്യാർഥികൾ പദ്ധതിയിട്ടെന്ന ആരോപണം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
വിദ്യാർഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടന്ന സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹൈദരാബാദ് പോലീസ് സംഭവത്തിൽ ഇടപെടുകയും അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തു.
നായ്ക്കൾക്ക് വിഷാംശമുള്ള ഭക്ഷണങ്ങൾ നൽകുക, കുടിവെള്ള പാത്രങ്ങൾ തകർക്കുക, ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചാറ്റുകളിൽ ചർച്ച ചെയ്തതായി ആരോപിക്കപ്പെടുന്നത്.
ക്യാമ്പസിലുണ്ടായിരുന്ന ഒരു നായയുടെ ദുരൂഹ മരണവും മൃഗങ്ങളെ പരിപാലിക്കുന്ന വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഇതോടെ വെളിച്ചത്തുവന്നു. മുൻനിര സ്ഥാപനത്തിൽ നിന്ന് ഉയർന്ന ഈ ക്രൂരതയ്ക്കെതിരെ ഐഐടി മാനേജ്മെന്റ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.