കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന് സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റിലെ (ഐസിഐഎംഒഡി) ക്രയോസ്ഫിയർ വിദഗ്ധൻ മുഹമ്മദ് ഫാറൂഖ് അസം.
നദീമുഖങ്ങളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കൂറ്റൻ മഞ്ഞുപാളികളും പാറയുമടങ്ങിയ പ്രളയാവശിഷ്ടങ്ങൾ വീണ്ടും വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്ന് മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
മലമുകളിൽനിന്നു മഞ്ഞും പാറയും ചേർന്ന് ഇടിഞ്ഞു താഴേക്കു പതിച്ചതാണോ പ്രളയത്തിനു കാരണമായതെന്ന് കാഠ്മണ്ഡുവിനു സമീപം പ്രവർത്തിക്കുന്ന ഐസിഐഎംഒഡിയിലെ വിദഗ്ധർ പരിശോധിച്ചുവരികയാണ്. കൂറ്റൻ മഞ്ഞുപാളികൾക്കടിയിലുള്ള പാറ (അടിസ്ഥാന ശില) അടർന്ന് താഴ്വാരയിലേക്ക് പതിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിനു വഴിവച്ചത് മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ അവശിഷ്ടങ്ങൾ നദികളുടെ സംഗമസ്ഥാനങ്ങളിൽ അടിഞ്ഞുകൂടി ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇതൊരു അണക്കെട്ടുപോലെയായി ഇവിടെ കൂടുതൽ വെള്ളം സംഭരിക്കപ്പെടാൻ സാധ്യതയുണ്ട്.
ഇത് വീണ്ടുമൊരു മിന്നൽപ്രളയത്തിന് ഇടയാക്കിയേക്കാമെന്ന് മുഹമ്മദ് ഫാറൂഖ് പറഞ്ഞു. 2021ൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ ഇത്തരത്തിലാണ് വെള്ളപ്പൊക്കമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.