ചരക്കുസേവന നികുതിയിൽ ഏറ്റവും കൂടുതൽ പഠനവും ശ്രദ്ധയും ആവശ്യമുള്ള മേഖലയാണ് സേവനങ്ങളുടെ ഇറക്കുമതി. ഒരു സേവനത്തിന്റെ വിതരണക്കാരൻ ഇന്ത്യക്ക് പുറത്തും സേവന സ്വീകർത്താവ് ഇന്ത്യയിലും സ്ഥിതി ചെയ്യുകയും, ആ സേവനത്തിന്റെ വിതരണസ്ഥലം ഇന്ത്യ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഐജിഎസ്ടി ആക്ട്, 2017-ലെ സെക്ഷൻ 2(11) പ്രകാരം ആ സേവനം ‘ഇറക്കുമതി സേവനം’ ആയി കണക്കാക്കപ്പെടും.
ഇത്തരം സേവനങ്ങളുടെ നികുതിബാധ്യത നിർണയിക്കുന്നത് ആക്ടിലെ സെക്ഷൻ 5(3)ഉം, അതിൻ പ്രകാരം പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ No. 10/2017 - Integrated Tax (Rate) dated 28.06.2017 -ഉം അനുസരിച്ചാണ്. ഈ വ്യവസ്ഥകൾ പ്രകാരം, വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ള ഇറക്കുമതി സേവനങ്ങൾ ഉൾപ്പടെയുള്ള സേവനങ്ങൾക്ക് നികുതി അടയ്ക്കാനുള്ള ബാധ്യത സേവനദാതാവിനു പകരം സേവന സ്വീകർത്താവിൽ നിക്ഷിപ്തമാകുന്നു. ഈ നികുതി സംവിധാനത്തെയാണ് റിസർവ് ചാർജ് മെക്കാനിസം (ആർസിഎം) എന്നു പറയുന്നത്. ചരക്കുസേവന നികുതി നിയമപ്രകാരം നിർദിഷ്ട ഇടപാടുകൾക്ക് ഇതു ബാധകമാകും.
ഐജിഎസ്ടി നിയമത്തിലെ വകുപ്പ് 2(11) പ്രകാരം, താഴെപ്പറയുന്ന വ്യവസ്ഥകൾ ഒരേസമയം പാലിക്കപ്പെട്ടാൽ മാത്രമേ അത് സേവന ഇറക്കുമതിയായി കണക്കാക്കൂ:
സേവനം നൽകുന്നയാൾ ഇന്ത്യക്ക് പുറത്തും സേവനം സ്വീകരിക്കുന്നയാളും അതിന്റെ വിതരണസ്ഥലവും ഇന്ത്യയിലുമായിരിക്കണം.
ഈ മൂന്ന് വ്യവസ്ഥകളും പാലിക്കപ്പെട്ടാൽ, വകുപ്പ് 13നോടു ചേർത്ത് വായിക്കേണ്ട ഐജിഎസ്ടി നിയമം വകുപ്പ് 5(3) പ്രകാരം, നികുതി അടയ്ക്കാനുള്ള ബാധ്യത റിവേഴ്സ് ചാർജ് വഴി സേവന സ്വീകർത്താവിൽ നിക്ഷിപ്തമാകുന്നു.സ്വീകർത്താവ് തന്റെ GSTR-3B യിൽ കാഷ് ലെഡ്ജർ വഴി നികുതി അടക്കുകയും നിബന്ധനകൾക്കു വിധേയമായി റിട്ടേണായി തിരിച്ചെടുക്കുകയും ചെയ്യാം.
സിജിഎസ്ടി നിയമം വകുപ്പ് 24(iii) പ്രകാരം, ആർസിഎം വഴി നികുതി അടയ്ക്കാൻ ബാധ്യതയുള്ള വ്യക്തികൾക്ക് നിർബന്ധിത രജിസ്ട്രേഷൻ വേണം. ഇവർക്ക് ടേണോവർ അടിസ്ഥാനത്തിലുള്ള ഇളവു പരിധി ബാധകമല്ല. അതായത്, ബിസിനസ് തുടങ്ങുന്നതിനു മുൻപ് വിദേശത്തേക്കു മുൻകൂർ തുക നൽകിയാൽ രജിസ്ട്രേഷൻ എടുക്കണം.
ആർസിഎം സേവനങ്ങളുടെ വിതരണ സമയം നിർവചിക്കുന്നതു വകുപ്പ് 13(3) ആണ്. താഴെ പറയുന്നവയിൽ ഏതാണോ ആദ്യം, അതാണ് വിതരണ സമയം:
പണം കൊടുത്തത് അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തിയ തീയതി അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റ് ആയ തീയതി അല്ലെങ്കിൽ സേവന സ്വീകർത്താവിന്റെ ബിൽ തിയതി ഇതിൽ ഏതാണോ ആദ്യം വരുന്നത്. അതിനാൽ മുൻകൂർ തുക നൽകുമ്പോൾ തന്നെ നികുതി ബാധ്യത ഉടലെടുക്കുന്നു.
ഇന്ത്യൻ കമ്പനി മുൻകൂറായി പണം നൽകുകയും പിന്നീട് കരാർ റദ്ദാക്കുകയും ചെയ്താൽ പോലും, വിതരണ സമയം കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉടലെടുത്ത ആർസിഎം ബാധ്യത ഇല്ലാതാകുന്നില്ല. മുൻകൂർ തുക മുഴുവനായി തിരികെ ലഭിച്ചാലും നികുതി അടച്ചേ മതിയാകൂ.
ഈ സാഹചര്യത്തിൽ സ്വീകർത്താവ് ചെയ്യേണ്ടത്: നികുതി അടച്ച ശേഷം, അടച്ച തുക തിരികെ ലഭിക്കാൻ റീഫണ്ട് അപേക്ഷ സമർപ്പിക്കുക. നടപടിക്രമങ്ങൾ സിജിഎസ്ടി ചട്ടം 89ൽ വിശദീകരിച്ചിട്ടുണ്ട്. ഇതിനായി നികുതി അടച്ചതിന്റെ രേഖകൾ, കരാർ റദ്ദാക്കൽ ഉടമ്പടി, തുക ബാങ്കിൽ തിരികെ വരവു വച്ചതിന്റെ സ്റ്റേറ്റ്മെന്റ് എന്നിവ കൃത്യമായി സൂക്ഷിക്കണം.
ഇറക്കുമതി സേവനങ്ങൾക്ക് റിവേഴ്സ് ചാർജ് പ്രകാരം നികുതി അടച്ചില്ലെങ്കിൽ, ബാധകമായ ടാക്സ് പീരിയഡ് അനുസരിച്ച് സിജിഎസ്ടി വകുപ്പ് ( 73/74/74A ) പ്രകാരം നികുതിയും പിഴയും പലിശയും ഈടാക്കാവുന്നതാണ്. കൂടാതെ, നിർബന്ധിത രജിസ്ട്രേഷൻ എടുക്കാത്തതിന് വകുപ്പ് 122 പ്രകാരവും റിട്ടേൺ ഫയൽ ചെയ്യാത്തതിന് വകുപ്പ് 62 പ്രകാരം ബെസ്റ്റ് ജഡ്ജ്മെന്റ് അസസ്മെന്റ് വഴിയും നടപടി സ്വീകരിക്കാവുന്നതാണ്. നികുതി അടയ്ക്കാൻ വൈകിയാൽ, വകുപ്പ് 50 പ്രകാരം 18 ശതമാനം പലിശയും ബാധകമാകും.