ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ ഏറ്റവും പഴക്കമേറിയ ഇന്ത്യൻ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ഇസ്കോൺ ന്യൂ ദ്വാരകയുടെ 50-ാമത് വാർഷിക രഥയാത്ര വിപുലമായി ആഘോഷിച്ചു.
സാന്താ മോണിക്കയിലും വെനീസിലുമായി നടന്ന ചടങ്ങുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ ഭീമാകാരമായ രഥങ്ങൾ വലിച്ചുകൊണ്ട് ഭക്തർ വെനീസ് ബോർഡ്വോക്കിലേക്ക് നടത്തിയ രഥയാത്ര ശ്രദ്ധേയമായി.
സുവർണ ജൂബിലിയോടനുബന്ധിച്ച് കലിഫോർണിയ നിയമസഭയും സാന്താ മോണിക്ക നഗരസഭയും ഇസ്കോണിനെ പ്രത്യേക പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു. ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ജെ. ശ്രീനിവാസൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
വേദമന്ത്രോച്ചാരണങ്ങൾ, ഭരതനാട്യം, യോഗപ്രകടനങ്ങൾ, ഹരേ കൃഷ്ണ സങ്കീർത്തനം എന്നിവ പരിപാടികൾക്ക് ആത്മീയവും സാംസ്കാരികവുമായ ഭാവം പകർന്നു. ചടങ്ങിൽ ഏകദേശം ഏഴായിരത്തോളം പേർക്ക് സൗജന്യമായി പ്രസാദവും വിതരണം ചെയ്തു.