ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ 2026-27 സീസണിനു നാളെ കിക്കോഫ്. കഴിഞ്ഞ സീസണില്‍ പ്രതിസന്ധികള്‍ നേരിട്ടതോടെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കിയിരുന്നു. സംപ്രേഷണാവകാശ തര്‍ക്കമായിരുന്നു കഴിഞ്ഞ സീസണിലെ പ്രശ്നം. 2026 ഫെബ്രുവരിയില്‍ മാത്രമായിരുന്നു ലീഗ് ആരംഭിച്ചത്. ക്ലബ്ബുകള്‍ക്കു 13 മത്സരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈസ്റ്റ് ബംഗാള്‍ കിരീടം സ്വന്തമാക്കി, അവരുടെ കന്നി ഐഎസ്എല്‍ ട്രോഫി.
എന്നാല്‍, ഇത്തവണ ഹോം-എവേ രീതിയില്‍ ഫുള്സ്വിംഗ് ലീഗാണ് അരങ്ങേറുക. ഐഎസ്എല്‍ അതിന്റെ പൂര്‍ണ പ്രൗഢിയിലേക്കു തിരിച്ചെത്തുന്നു എന്നു ചുരുക്കം.
ബംഗളൂരു x ഡല്‍ഹി
2026-27 ഐഎസ്എല്‍ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗളൂരു എഫ്സിയും എസ്സി ഡല്‍ഹിയും നാളെ ഏറ്റുമുട്ടും. ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്. നാളെ നടക്കുന്ന രണ്ടാം മത്സരം എഫ്സി ഗോവയും ചെന്നൈയിന് എഫ്സിയും തമ്മിലാണ്. രാത്രി 7.30നാണ് ഈ മത്സരത്തിന്റെ കിക്കോഫ്.സീസണിലെ മത്സരങ്ങള്‍ വൈകുന്നേരം അഞ്ചിനും രാത്രി 7.30നുമായാണ് അരങ്ങേറുക.
ബ്ലാസ്റ്റേഴ്സ് ഞായര്‍
ഐഎസ്എല്ലില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഞായറാഴ്ച കളത്തില്‍ ഇറങ്ങും. എവേ പോരാട്ടത്തില്‍ ഇന്റര്‍ കാശി എഫ്സിയാണ് കൊച്ചി ക്ലബ്ബിന്റെ എതിരാളികള്‍. ലക്നോവിലാണ് മത്സരം. തുടര്‍ന്നു 18ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും എവേ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് നേരിടും.
25-ാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
13-ാം സീസണ് 13 ക്ലബ്
ഐഎസ്എല്ലിന്റെ 13-ാം സീസണിനാണ് നാളെ പന്ത് ഉരുളുക. 13 ക്ലബ്ബുകളാണ് ലീഗില്‍ ഇത്തവണയുള്ളതെന്നതും ശ്രദ്ധേയം. എംജി മോട്ടോറാണ് ഇത്തവണ ലീഗിന്റെ ടൈറ്റില്‍ സ്പോണ്സര്. അതുകൊണ്ടുതന്നെ എംജി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നാണ് അറിയപ്പെടുക. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) നേരിട്ട് ചുമതലയോടെ നടത്തുന്ന ആദ്യ സീസണ് ആണ് ഇത്തവണത്തേത്.
യൂട്യൂബ്, സോണി
2026-27 സീസണ് ഐഎസ്എല്‍ ഫുട്ബോള്‍ യൂട്യൂബിലും കാണാം എന്നതാണ് പ്രത്യേകത. സോണി സ്പോര്‍ട്സാണ് മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. സോണി ലിവ് ലൈവ് സ്ട്രീമിംഗും നല്‍കും. ഇതിനു പുറമേയാണ് യൂട്യൂബില്‍ തത്സമയം ഐഎസ്എല്‍ 2026-27 സീസണ് ആരാധകര്‍ക്കു മുന്നിലെത്തുന്നത്.