ബംഗളൂർ: സോഫ്റ്റ്വെയർ എൻജിനീയറായ ഭർത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, ഐടി ജീവനക്കാരിയായ ഭാര്യ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ഭരതനഗറിലുള്ള ഒരു ആഡംബര അപ്പാർട്ട്മെന്റിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
34 വയസുള്ള അഭിജിത് സിൽ (സോഫ്റ്റ്വെയർ എൻജിനീയർ), ഭാര്യ സായന്തിനി ഘോഷ് (ഐടി ജീവനക്കാരി). ഇരുവരും കോൽക്കത്ത സ്വദേശികളാണ്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ സായന്തിനിയാണ് ഭർത്താവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഘാതം താങ്ങാനാവാതെ സായന്തിനി ഉടൻ തന്നെ അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിലുള്ള ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. അഭിജിത്തിന് ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഭർത്താവിന്റെ അപ്രതീക്ഷിത മരണം കണ്ട പാനിക് അറ്റാക്ക് മൂലമാകാം സായന്തിനി ഈ കടുംകൈ ചെയ്തതെന്ന് പോലീസ് കരുതുന്നു. അഭിജിത്തിന്റെ മൃതദേഹത്തിന് സമീപം ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദമ്പതികൾക്കിടയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മൂന്ന് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇരുവരും ബംഗളൂരുവിലെ പ്രമുഖ ഐടി കമ്പനികളിൽ ജോലി ചെയ്തു വരികയായിരുന്നു.