കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രത്യേക ഐടി ഡയറക്ടറേറ്റ് സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ടു നിര്‍ദേശം നല്കാന്, സമഗ്ര ഡിജിറ്റൈസേഷന് പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. സന്തോഷ് ബാബു ഓണ്‍ലൈനായി അഞ്ചിനു ഹാജരാകണമെന്ന് ഹൈക്കോടതി.
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക ഡയറക്ടറേറ്റ് ഉചിതമായിരിക്കുമെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ഐടി മേഖലയില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്കാന് ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്കി.
ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയടക്കം ക്ഷേത്രങ്ങളുടെയും അക്കൗണ്ടുകള്‍ സുതാര്യമാക്കാന്‍ സമ്പൂര്‍ണ കംപ്യൂട്ടറൈസേഷന് നടപ്പാക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ഇതിനുള്ള കണ്‍സള്‍ട്ടന്‍സിയായി പൊതുമേഖലാ സ്ഥാപനമായ കിറ്റ്ഫ്രയുമായി ധാരണാപത്രം ഒപ്പുവച്ചതായും പദ്ധതി നടത്തിപ്പിനു പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചതായും ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇതിനുള്ള ബജറ്റ് വിഹിതം വകയിരുത്തിയതായും ബോര്‍ഡ് വ്യക്തമാക്കി.