കൊച്ചി: ഐടി അടിസ്ഥാനസൗകര്യങ്ങളുടെ വിസ്തൃതിയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടുന്ന എറണാകുളം തിരുവനന്തപുരം ജില്ലയെ മറികടന്നു സംസ്ഥാനത്ത് ഒന്നാമതെത്തി. സംസ്ഥാനസര്‍ക്കാരിന്റെ ടെക് കേരളം വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം എറണാകുളത്ത് 15.74 ദശലക്ഷം ചതുരശ്ര അടി വികസിത ഐടി ഇടമാണുള്ളത്. തിരുവനന്തപുരത്ത് ഇത് 14.25 ദശലക്ഷം ചതുരശ്ര അടിയാണ്.
എറണാകുളത്തിന്റെ ഐടി വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്നത് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കാണ്. കൊച്ചി, കൊരട്ടി, ചേര്‍ത്തല എന്നിവിടങ്ങളിലായി 323 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ 582 കമ്പനികളും 73,000 ജീവനക്കാരുമുണ്ട്. ആറു ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിലവില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 ദശലക്ഷം ചതുരശ്രയടികൂടി വികസിപ്പിക്കുകയാണു ലക്ഷ്യമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ഫോപാര്ക്കിനു പുറമെ 1990ല്‍ സ്ഥാപിതമായ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോഴിക്കോട് ആസ്ഥാനമായി സ്ഥാപിതമായ സൈബര്‍പാര്‍ക്ക് എന്നിവയും കേരളത്തിന്റെ ഐടി വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. മൂന്നു സര്‍ക്കാര്‍ ടെക് പാര്‍ക്കുകളിലായി 30 ദശലക്ഷം ചതുരശ്ര അടി ഐടി ഇടം വികസിപ്പിച്ചിട്ടുണ്ട്. 1,200ലധികം കമ്പനികളാണ് ഈ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 20 ദശലക്ഷം ചതുരശ്രയടികൂടി വികസിപ്പിക്കാനാണു സര്‍ക്കാരിന്റെ ലക്ഷ്യം.
രാജ്യത്തെ ആദ്യ ഐടി പാര്‍ക്കാണു ടെക്നോപാര്‍ക്ക്. 768.63 ഏക്കര്‍ ഭൂമിയിലാണ് വ്യാപിച്ചുകിടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹരിത ടെക് പാര്‍ക്കുകളിലൊന്നായ ഇവിടെ 84,000ത്തിലധികം ജീവനക്കാരുണ്ട്. 13.15 ദശലക്ഷം ചതുരശ്ര അടി നിര്‍മിത വിസ്തീര്‍ണമുള്ള പാര്‍ക്കില്‍ 10.21 ദശലക്ഷം ചതുരശ്ര അടി കൂടി വികസിപ്പിക്കാനാണ് പദ്ധതി.
2009ല്‍ സ്ഥാപിതമായ സൈബര്‍പാര്‍ക്ക് 45 ഏക്കറിലാണു വ്യാപിച്ചുകിടക്കുന്നത്. നിലവില്‍ മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇവിടെ 82ലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 2.97 ദശലക്ഷം ചതുരശ്ര അടി കൂടി വികസിപ്പിക്കാനുള്ള പദ്ധതികളാണ് മുന്നിലുള്ളത്.