ന്യൂഡൽഹി: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുകയാണെന്ന കേന്ദ്രസർക്കാർ വാദങ്ങൾക്കു തിരിച്ചടിയായി ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസ് (ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുജിത് സിംഗ് കപൂറിന്റെ വെളിപ്പെടുത്തൽ.
അരുണാചല്‍പ്രദേശില്‍ യഥാര്‍ഥ നിയന്ത്രണരേഖയോടു (എല്‍എസി) ചേര്‍ന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നേര്‍ക്കുനേരേയുള്ള സംഘര്‍ഷം കഴിഞ്ഞ കുറച്ചുനാളുകളായി ഉടലെടുത്തുവെന്നും പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുന്നുവെന്നുമാണ് കപൂര്‍ നടത്തിയ വെളിപ്പെടുത്തല്‍.
രാജസ്ഥാനിലെ ആല്‍വാറില്‍ ഐടിബിപി ജവാന്മാരെ ആദരിക്കാനായി സംഘടിപ്പിച്ച ഹിമവീര് സമ്മാന്‍ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പരമ്പരാഗത ആയുധങ്ങള്‍ മാത്രം ഉപയോഗിച്ച് ഇന്ത്യക്കു ചൈനയെ നേരിടാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.
അരുണാചല്‍ അതിര്‍ത്തിയിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളില്‍ ഐടിബിപി കമാന്‍ഡോകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ ഉയര്‍ന്ന മേഖലയിലെ വിന്യാസത്തിനായി പുതുതായി രൂപവത്കരിച്ച ശൗര്യ കമാന്‍ഡോകള്‍ (പര്‍വത ഗറില്ലാ സേന) മാതൃകാപരമായ പങ്ക് വഹിച്ചുവെന്നും സെന്‍ട്രല്‍ ട്രെയിനിംഗ് കോളജില്‍ (സിടിസി) നടന്ന ചടങ്ങിൽ കപൂര്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈക്കു ശേഷം മേഖലയിലെ അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.
ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായാണു കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവന. എന്നാൽ, ഈ കൂടിക്കാഴ്ചയുടെ സമയത്തും അരുണാചലില്‍ ഇരുരാജ്യത്തിന്റെയും സൈനികർ നേർക്കുനേർ വന്ന സാഹചര്യം ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.