സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെ തുടർന്ന് ഐടി ജീവനക്കാരിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുകുന്ദ് നഗറിലെ അക്ഷയ് ഹൈറ്റ്സ് സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് 30 കാരിയായ പായൽ അക്ഷയ് സാമ്പ്രെ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവും മാതാപിതാക്കളും ഒളിവിൽ പോയി.
അഞ്ചു വർഷം മുൻപായിരുന്നു പായലിന്റെയും അക്ഷയുടെയും വിവാഹം. നാലു വയസുള്ള ഒരു പെൺകുട്ടിയുണ്ട്. തിങ്കളാഴ്ച രാവിലെ ഫ്ലാറ്റിലെ സീലിംഗ് ഫാനിൽ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ പായലിനെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സഹോദരൻ ഋഷികേശ് സ്ഥലത്തെത്തിയപ്പോഴാണ് ദാരുണസംഭവം പുറംലോകമറിയുന്നത്.
ഓരോ ദീപാവലി ആഘോഷ വേളയിലും അഞ്ച് മുതൽ പത്ത് പവൻ വരെ സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പായലിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുവായ ജനാർദ്ദൻ പവാർ ആരോപിച്ചു. ഇത്തവണ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വർണം നൽകാൻ സാധിക്കില്ലെന്നും അടുത്ത വർഷത്തേക്ക് സമയം വേണമെന്നും അഭ്യർഥിച്ചെങ്കിലും പീഡനം തുടരുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
സ്വാർഗേറ്റ് പൊലിസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വികാസ് തുകാറാം ഭാർമലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സ്ത്രീധനപീഡന ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.