തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി. പൂഞ്ഞാർ എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. എം.വി. രാജേഷിനാണ് പകരം നിയമനം നൽകിയിരിക്കുന്നത്. അരുൺകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് നിരവധി പരാതികൾ ഹൈക്കോടതിയിലെത്തിയിരുന്നു.
ഈ പരാതികളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണോ യോഗ്യത മറികടന്ന് അദ്ദേഹം പദവിയിലെത്തിയതെന്ന് അന്വേഷിക്കാനും അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാലാ വിസിക്ക് തുല്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്.
2018ലെ യുജിസി മാനദണ്ഡപ്രകാരം ഡയറക്ടറാകാൻ ഏഴു വർഷത്തെ അധ്യാപന പരിചയം അനിവാര്യമായിരിക്കെ ക്ലറിക്കൽ പദവിയിലിരുന്ന അരുൺകുമാറിന് ഈ ചുമതല നൽകിയത് വിചിത്രമാണെന്ന് കോടതി വിമർശിച്ചിരുന്നു. ഈ കോടതി ഇടപെടലുകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ഇപ്പോൾ അരുൺകുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയത്.