വാരണാസി: വാരണാസിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം പൈലറ്റിന് അസുഖം ബാധിച്ചതിനെ തുടർന്ന് മൂന്നര മണിക്കൂർ വൈകി. വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോകേണ്ട 6ഇ-6544 വിമാനമാണ് വൈകിയത്.
വ്യാഴാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന പൈലറ്റ് അസുഖബാധിതനായി അവധിക്ക് അപേക്ഷിക്കുകയായിരുന്നു. വാരാണസി എയർപോർട്ട് ഇൻഡിഗോയുടെ ബേസ് സ്റ്റേഷൻ അല്ലാത്തതിനാൽ, പകരക്കാരനായ പൈലറ്റിനെ അഹമ്മദാബാദിൽ നിന്നാണ് വരുത്തിയത്. യാത്രക്കാരെ വിവരങ്ങൾ ബോധ്യപ്പെടുത്തുകയും ലഘുഭക്ഷണങ്ങൾ നൽകുകയും ചെയ്തിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
സാങ്കേതിക കാരണങ്ങളാലാണ് വിമാനം വൈകിയതെന്നായിരുന്നു എയർപോർട്ട് ഡയറക്ടർ പുനീത് ഗുപ്തയുടെ പ്രതികരണം. വിമാനത്താവളത്തിൽ യാത്രക്കാർ ബഹളം ഉണ്ടാക്കിയെന്ന റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചു. തുടർന്ന് അഹമ്മദാബാദിൽ നിന്നെത്തിയ പുതിയ പൈലറ്റിന്റെ നേതൃത്വത്തിൽ വിമാനം സുരക്ഷിതമായി മുംബൈയിലേക്ക് പുറപ്പെട്ടു.