വണ്ടിപ്പെരിയാർ: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. പാതയോരത്ത് ഉപേക്ഷിച്ചിരുന്ന പഴയ വാഹനങ്ങളും വസ്തുക്കളും നീക്കിയതിനൊപ്പം അനധികൃത വ്യാപാര സ്ഥാപനങ്ങളും നീക്കി. പഞ്ചായത്തും റവന്യു അധികൃതരും ഗതാഗത വകുപ്പും പൊലിസും സംയുക്തമായാണ് ഒഴിപ്പിക്കൽ നടപടികളിൽ ഏർപ്പെട്ടത്.
തീർഥാടന കാലത്തിനു മുന്നോടിയായി കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കാൻ നേരത്തേ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. നടപടികൾക്കു പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, സെക്രട്ടറി ഇൻ ചാർജ് ജിജോമോൻ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.