ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ അനധികൃതമായി നിലം നികത്തുന്നതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി. ആലങ്ങാട്- വരാപ്പുഴ റോഡിൽ ആലങ്ങാട് കൊടുവഴങ്ങ സഹകരണ ബാങ്കിനു മുന്നിലുള്ള ഒന്നരയേക്കറോളം വരുന്ന നിലമാണു മണ്ണടിച്ചു നികത്താനുള്ള ശ്രമം നടന്നത്. അനധികൃതമായി നികത്തിയ പാടശേഖരത്തിന്റെ സമീപത്തുകൂടി ഗെയിൽ പൈപ്പ് പോകുന്നതിനാൽ വൻ അപകടം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ പല തോടുകളും നിലങ്ങളും ഭൂമാഫിയ നികത്താൻ ശ്രമിക്കുന്നതായുള്ള ആക്ഷേപം നിലനിൽക്കെയാണു രാത്രിയുടെ മറവിൽ കഴിഞ്ഞദിവസം ഭൂമാഫിയ ഇവിടെ മണ്ണടിച്ചു നികത്തിയത്. നാട്ടുകാർ ആലങ്ങാട് പൊലിസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം കരുമാലൂർ പഞ്ചായത്തിലെ വെളിയത്തുനാട് ഭാഗത്തു ഭൂമാഫിയ കൃഷിഭൂമി നികത്താൻ ശ്രമം നടത്തിയത് റവന്യു അധികൃതരെത്തി തടഞ്ഞിരുന്നു. കൂടാതെ കോട്ടുവള്ളി പഞ്ചായത്തിലെ മാത്തയിൽ തോട് നികത്താൻ ശ്രമിച്ചതും പഞ്ചായത്ത് അധികൃതരെത്തി തടഞ്ഞിരുന്നു.
അതിനു പിന്നാലെയാണു ആലങ്ങാട്-കൊടുവഴങ്ങ ഭാഗത്തും നിലം നികത്താൻ ശ്രമിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആലങ്ങാട് പഞ്ചായത്ത് അധികൃതർ ഭൂവുടമായായ കണ്ണൂർ സ്വദേശിക്കു സ്റ്റോപ് മെമ്മോ നൽകി. സ്റ്റോപ് മെമ്മോ നൽകാനെത്തിയ ആലങ്ങാട് പഞ്ചായത്ത് അധികൃതരെ ഭൂമാഫിയ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.