യുഎസിലെ തൊഴിൽ വിപണിയിൽ ഇന്ത്യൻ കുടിയേറ്റക്കാർ നേരിടുന്ന വിമർശനങ്ങൾക്കും ആരോപനങ്ങൾക്കും വ്യക്തമായ മറുപടിയുമായി മലയാളി കൂടിയായ യുവാവിന്റെ സോഷ്യൽ മീഡിയ പ്രതികരണം ശ്രദ്ധ നേടുന്നു.
ഇന്ത്യൻ വംശജർ പ്രാദേശിക തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നുവെന്ന വാദത്തെ നിഷേധിച്ച്, തങ്ങളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് വിജയത്തിന് പിന്നിലെന്ന് വ്യക്തമാക്കുകയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ യുവൻ ഇബാനസ് ഗർവാരെ.
വിദേശരാജ്യങ്ങളിൽ എത്തുന്ന കുടിയേറ്റക്കാർ നേരിടുന്ന കടുത്ത പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ചാണ് ഗർവാരെ സംസാരിക്കുന്നത്. കർശനമായ വീസ നിയമങ്ങൾ, ഭാഷാപരമായ തടസങ്ങൾ, അപരിചിതമായ പുതിയ സംസ്കാരം, വ്യക്തിപരമായ ബന്ധങ്ങളുടെ അഭാവം തുടങ്ങി വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് പലരും സ്വന്തമായി ഇടം കണ്ടെത്തുന്നത്.
എന്നാൽ ഡോക്ടർമാർ, സോഫ്റ്റ്വെയർ എൻജിനീയർമാർ, ഡാറ്റാ അനലിസ്റ്റുകൾ തുടങ്ങിയ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആരുടെയും അവസരങ്ങൾ അപഹരിക്കുകയല്ല ചെയ്യുന്നത്.
വർഷങ്ങൾ നീണ്ട പഠനത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയെടുക്കുന്ന സാങ്കേതിക മികവാണ് ഈ സ്ഥാനങ്ങളിലേക്ക് പ്രൊഫഷണലുകളെ എത്തിക്കുന്നത്.
മറ്റുള്ളവർ ഏറ്റെടുക്കാൻ മടിക്കുന്ന കഠിനമായ തൊഴിൽ സമയങ്ങളും പ്രയാസമേറിയ സാഹചര്യങ്ങളും പരിഭ്രാന്തിയില്ലാതെ ഏറ്റെടുക്കാൻ കുടിയേറ്റക്കാർ തയ്യാറാകുന്നുണ്ട്.
പുതിയ അന്തരീക്ഷത്തോട് പെട്ടെന്ന് പൊരുത്തപ്പെടാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ അഭിമാനത്തോടെയാണ് കാണേണ്ടത്. വിദേശത്ത് വിജയിച്ചു കയറുന്നത് ആരുടെയും ആനുകൂല്യം കൊണ്ടല്ല, മറിച്ച് മറ്റാരെക്കാളും കൂടുതൽ അധ്വാനിക്കാൻ കാണിക്കുന്ന മനസ് കൊണ്ടാണെന്ന സന്ദേശമാണ് ഈ പ്രതികരണം നൽകുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പിന്തുണയാണ് ഈ അഭിപ്രായത്തിന് ലഭിക്കുന്നത്. കുടിയേറ്റക്കാരുടെ സമർപ്പണബോധത്തെയും പ്രൊഫഷണൽ സമീപനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധിയാളുകൾ വീഡിയോയോട് പ്രതികരിക്കുന്നുണ്ട്.