ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ലേബർ സർക്കാർ.
വിദേശികൾക്ക് അഞ്ചുവർഷത്തെ താമസത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തി, ഭൂരിഭാഗം കുടിയേറ്റക്കാർക്കും പത്തുവർഷത്തെ താമസം നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം.
"എർൺഡ് സെറ്റിൽമെന്റ്' എന്ന പുതിയ സംവിധാനത്തിന്റെ വിശദാംശങ്ങൾ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് നവംബർ രണ്ടിന് പാർലമെന്റിൽ അവതരിപ്പിച്ചു.
ബ്രിട്ടനിൽ എത്രകാലം താമസിച്ചു എന്നതിലുപരി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും പൊതുസേവനങ്ങൾക്കും നൽകുന്ന സംഭാവന, വരുമാനം, തൊഴിൽ, നിയമാനുസൃതമായ പെരുമാറ്റം, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം എന്നിവയും ഇനി സ്ഥിരതാമസത്തിനുള്ള യോഗ്യത നിർണയിക്കുന്നതിൽ പ്രധാനമാകും.
നിലവിലെ ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ സംവിധാനപ്രകാരം നിരവധി തൊഴിൽ വിസാ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അഞ്ചുവർഷത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാമായിരുന്നു.
പുതിയ പരിഷ്കാരം നടപ്പാകുന്നതോടെ ഭൂരിഭാഗം വിദേശികൾക്കും കുറഞ്ഞത് പത്തുവർഷം കാത്തിരിക്കേണ്ടിവരും.
ഉയർന്ന വരുമാനക്കാർക്കും പൊതുസേവന മേഖലയിലുള്ളവർക്കും ഇളവ്
വാർഷിക വരുമാനം 50,271 പൗണ്ടിൽ കൂടുതലുള്ളവർക്കും ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ തുടങ്ങിയ നിർദിഷ്ട പൊതുസേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും അഞ്ചുവർഷത്തെ കാലപരിധി തുടരും.
1,25,000 പൗണ്ടിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കും പ്രത്യേക പ്രതിഭാ വിസ പദ്ധതികളിലൂടെ ബ്രിട്ടനിലെത്തുന്നവർക്കും മൂന്നുവർഷത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
കെയർ വർക്കർമാർക്ക് ആശ്വാസം
ബ്രിട്ടനിലെ ആരോഗ്യ-സാമൂഹിക പരിചരണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വീസ നിബന്ധനകൾ പാലിക്കുകയും പ്രതിവർഷം കുറഞ്ഞത് 25,000 പൗണ്ട് വരുമാനം നേടുകയും ചെയ്യുന്ന അർഹരായ കെയർ വർക്കർമാർക്ക് അഞ്ചുവർഷത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാനാകും.
2022 മുതൽ 2025 വരെ കെയർ മേഖലയിൽ എത്തിയവർക്കാണ് ഈ പ്രത്യേക പരിവർത്തന വ്യവസ്ഥ പ്രധാനമായും ബാധകമാകുക. നിലവിലെ നിബന്ധനകൾ പാലിക്കാൻ കഴിയാത്തവർക്ക് പുതിയ അഞ്ചുവർഷത്തെ കെയർ വിസയിലൂടെ യോഗ്യത നേടാനുള്ള അവസരവും നൽകും.
കോവിഡ് മഹാമാരിക്കുശേഷം ബ്രിട്ടന്റെ ആരോഗ്യപരിചരണ സംവിധാനത്തെ പിന്തുണച്ച വിദേശ തൊഴിലാളികളുടെ സേവനം പരിഗണിച്ചാണ് ഈ ഇളവുകളെന്ന് സർക്കാർ വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാർക്ക് 30 വർഷം വരെ കാത്തിരിപ്പ്
അനധികൃതമായി ബ്രിട്ടനിലെത്തുന്നവർക്കുള്ള സ്ഥിരതാമസ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കും.
അംഗീകൃതവും നിയമാനുസൃതവുമായ മാർഗങ്ങളിലൂടെയല്ലാതെ അഭയാർഥികളായി എത്തുന്നവർക്ക് സ്ഥിരതാമസത്തിന് സാധാരണയായി 20 വർഷം കാത്തിരിക്കേണ്ടിവരും.
ചെറുബോട്ടുകളിലൂടെ അനധികൃതമായി ബ്രിട്ടനിൽ പ്രവേശിക്കുന്നവർക്ക് പത്തുവർഷം കൂടി അധികമായി കാത്തിരിക്കേണ്ടിവരുന്നതോടെ ആകെ കാലയളവ് 30 വർഷമായി ഉയരും.
അതേസമയം, അംഗീകൃത നിയമാനുസൃത അഭയാർഥി മാർഗങ്ങളിലൂടെ എത്തുന്നവർക്ക് അഞ്ചുവർഷത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
ചില അഭയാർഥികൾക്ക് ജോലിയിലൂടെയും പഠനത്തിലൂടെയും കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും അവസരമുണ്ടാകും.
ഇംഗ്ലീഷ് പരിജ്ഞാനവും സാമ്പത്തിക സംഭാവനയും നിർണായകം
പുതിയ വ്യവസ്ഥപ്രകാരം സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർ ഉയർന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കണം. എ-ലെവൽ നിലവാരത്തിന് തുല്യമായ ഇംഗ്ലീഷ് പരിജ്ഞാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ക്രിമിനൽ പശ്ചാത്തല പരിശോധന, സർക്കാരിനോടുള്ള സാമ്പത്തിക കുടിശ്ശികകൾ ഇല്ലാതിരിക്കുക, കുറഞ്ഞത് മൂന്നുവർഷത്തെ നാഷണൽ ഇൻഷുറൻസ് സംഭാവന എന്നിവയും പ്രധാന നിബന്ധനകളായിരിക്കും.
സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിച്ചിട്ടുള്ളവർ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് തുടർച്ചയായ അഞ്ചുവർഷം ഇത്തരം ആനുകൂല്യങ്ങളെ ആശ്രയിക്കാതെ കഴിയേണ്ടിവരും.
നിലവിൽ ബ്രിട്ടനിലുള്ളവരെയും ബാധിച്ചേക്കും
നിലവിൽ ബ്രിട്ടനിൽ ജോലി ചെയ്യുന്നവരും സ്ഥിരതാമസത്തിനുള്ള അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ കാത്തിരിക്കുന്നവരും പുതിയ പരിഷ്കാരത്തിന്റെ പരിധിയിൽ വന്നേക്കാം.
എന്നാൽ 2025 മേയ് മാസത്തിനുമുമ്പ് ചില കെയർ, പൊതുസേവന മേഖലകളിലെ വിസാ വിഭാഗങ്ങളിൽ പ്രവേശിച്ചവർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോങ്കോംഗിൽനിന്നുള്ള ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) വീസ ഉടമകൾ, ബ്രിട്ടീഷ് സായുധസേനാംഗങ്ങൾ, ബ്രിട്ടനുമായി നിർദിഷ്ട കുടുംബബന്ധമുള്ളവർ തുടങ്ങിയ ചില വിഭാഗങ്ങളുടെ നിലവിലെ സ്ഥിരതാമസ വ്യവസ്ഥകൾ തുടരും.
സർക്കാരിന്റെ കണക്കുകൂട്ടലനുസരിച്ച് അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് സ്ഥിരതാമസം ലഭിക്കുന്നതിനായി നിലവിലുള്ള അഞ്ചുവർഷത്തെ കാലയളവിനേക്കാൾ കൂടുതൽ കാത്തിരിക്കേണ്ടിവരും.
പുതിയ പരിഷ്കാരങ്ങൾ 2027 മുതൽ
നവംബർ രണ്ടിന് പ്രഖ്യാപിച്ച മാറ്റങ്ങൾ ഉടൻ പൂർണമായി പ്രാബല്യത്തിൽ വരില്ല. ഡിസംബറിൽ കുടിയേറ്റ ചട്ടങ്ങളിൽ ഭേദഗതികൾ അവതരിപ്പിച്ചുതുടങ്ങുമെന്നും 2027-ൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു.
കുടിയേറ്റം നിയന്ത്രിക്കുന്നതിനൊപ്പം ബ്രിട്ടന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്ക് സംഭാവന നൽകുന്നവർക്ക് സ്ഥിരതാമസത്തിന് മുൻഗണന നൽകുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ വിശദീകരണം.
അതേസമയം, നിലവിൽ നിയമാനുസൃതമായി ബ്രിട്ടനിൽ കഴിയുന്നവരെയും സ്ഥിരതാമസത്തിനായി കാത്തിരിക്കുന്നവരെയും പുതിയ വ്യവസ്ഥകൾ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ പാർലമെന്റിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്.
നിലവിലുള്ള കുടിയേറ്റക്കാർക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന ആവശ്യവും എംപിമാർ ഉന്നയിച്ചു.
ഇന്ത്യയിൽനിന്നും പ്രത്യേകിച്ച് കേരളത്തിൽനിന്നും ബ്രിട്ടനിലെ ആരോഗ്യ, സാമൂഹിക പരിചരണ, വിദ്യാഭ്യാസ, ഐടി മേഖലകളിൽ ജോലി തേടിയെത്തിയവർക്കും അവരുടെ കുടുംബങ്ങൾക്കും പുതിയ പരിഷ്കാരങ്ങൾ ഏറെ നിർണായകമാകും.
സ്ഥിരതാമസം പ്രതീക്ഷിച്ച് വർഷങ്ങളായി ബ്രിട്ടനിൽ കഴിയുന്ന മലയാളികൾക്ക് അന്തിമ നിയമങ്ങളും പരിവർത്തന വ്യവസ്ഥകളും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.