ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങൾക്ക് പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ച് ബിജെപി. ഉത്തർ പ്രദേശ് സംസ്ഥാന ഇൻചാർജായി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ വിനോദ് താവ്ഡെയെയും സഹ ഇൻചാർജായി ദേശീയ സെക്രട്ടറി ജഗദീഷ് ഈശ്വർഭായ് പട്ടേലിനെയും നിയമിച്ചു.
പഞ്ചാബിലേക്കു ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് പൂനിയയെ ഇൻചാർജായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആണ് പുതിയ ഇൻചാർജുമാരെ നിയമിച്ചത്.
പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ആണ് ഉത്തർ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരെയും നിയമിച്ചത്. ഉത്തർ പ്രദേശിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ മുന്നിൽ നിർത്തിയാകും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക.
ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങൾ. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസും ബിജെപിക്ക് വെല്ലുവിളിയാണ്. വർഷങ്ങളായി ഉണ്ടായിരുന്ന ബിജെപി - ശിരോമണി അകാലി ദൾ സഖ്യം വീണ്ടും പുനസ്ഥാപിക്കാൻ ഇരുപാർട്ടികൾക്കുമിടയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.