തിരുവനന്തപുരം: വോട്ടര്‍പട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്‍ റോള്‍മെന്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി.
ഒക്ടോബര്‍ 15 മുതല്‍ 31 വരെ വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റല്‍ ഹെല്പ് ഡെസ്കുകളും രൂപീകരിക്കും. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി അപേക്ഷകര്‍ ഫോം 6 സമര്‍പ്പിച്ചാല്‍ മതിയാകും. സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് എന്നിവയിലൂടെ ഓണ്‍ലൈനായും അപേക്ഷ നല്‍കാം.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളില്‍ ഏതെങ്കിലും ഒന്നു സമര്‍പ്പിക്കണം. ആധാര്‍ രേഖയായി സമര്‍പ്പിക്കുന്നവര്‍ മറ്റൊരു സപ്പോര്‍ട്ടിംഗ് ഡോക്കുമെന്റ് കൂടി നല്‍കണം. തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) തങ്ങളുടെ പോളിംഗ് സ്റ്റേഷനുകളുടെ പരിധിയിലെ വീടുകളിലെത്തും.
2025 ജനുവരി ഒന്നിന് നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടികയും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നിലവില്‍ വന്ന വോട്ടര്‍പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് (ഇആര്‍ഒ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, എസ്ഐആര്‍ സമയത്ത് തിരികെ ലഭിക്കാത്ത അപേക്ഷകളില്‍ തെരഞ്ഞെടുപ്പിനു ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടാത്തവ സംബന്ധിച്ചും ഇആര്‍ഒ തലത്തില്‍ പരിശോധന നടത്തും.
യുവവോട്ടര്‍മാരില്‍ വോട്ടര്‍ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോളജ്, ഹയര്‍ സെക്കൻഡറി, സ്കൂള്‍ തലങ്ങളില്‍ ‘കാമ്പസ് ടു ബൂത്ത് ’ എന്ന പേരില്‍ പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ‘സ്റ്റെപ് ഫോര്‍വേഡ്, ഗെറ്റ് കൗണ്ടഡ് ’ എന്ന ടാഗ് ലൈനോടെ നവംബര്‍ രണ്ടു മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിനാണ് നടത്തുന്നത്.
ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ വഴി പരമാവധി വിദ്യാര്‍ഥികളെ തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനുള്ള നടപടി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കും.