പേരാവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്സ്റ്റീൻ ഫയൽസിലെ വിവരങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ട്രംപ് വ്യാപാര കരാറിൽ ഒപ്പിടുവിച്ചതെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. പേരാവൂർ തൊണ്ടിയിൽ കർഷകരുമായി സംവാ ദസദസിലായിരുന്നു രാഹുലിന്റെ ആരോപണം.
ഹർദീപ് പുരി, അനിൽ അംബാനി എന്നിവരെക്കുറിച്ചുള്ള എപ്സ്റ്റീൻ ഫയൽസിലെ വിവരങ്ങൾ പുറത്തുവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടാണ്. 3.5 മില്യൻ എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തുവന്നിട്ടില്ല. അത് യുഎസ് സർക്കാർ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. അതിൽ മോദിയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇന്ത്യയുടെ അടിത്തറ മാന്തുന്ന കരാറാണിത്. രാജ്യത്തെ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല.
ഇന്ത്യയിലേത് ചെറുകിട കർഷകരാണ്. അമേരിക്കയിലേതു വൻകിട കർഷകരും. അവർക്ക് ഇന്ത്യയിലേക്കു വാതിൽ തുറന്നുനൽകി, അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ അവസരം ഒരുക്കി. ഇന്ത്യാ രാജ്യം നേടിയ ഹരിതവിപ്ലവം ഉൾപ്പെടെയുള്ള കാർഷികമേഖലയിലെ പുരോഗതി തകർക്കുന്ന നടപടിയാണിത്. നാലു മാസത്തോളം കരാറിൽ ഒപ്പിടുന്നതു തടസപ്പെട്ടു. എന്താണെന്ന് അന്വേഷിച്ചപ്പോൾ ഇന്ത്യൻ സർക്കാരിന് കാർഷിക മേഖല തുറന്നുകൊടുക്കാൻ താത്പര്യമില്ലെന്നാണ് അറിഞ്ഞത്. പിന്നീട് ട്രംപ് മോദിയെ ഭീഷണിപ്പെടുത്തുന്നതാണു കണ്ടത്. അദാനിയുമായി ബന്ധപ്പെട്ട കേസ് കാണിച്ചും അമേരിക്ക മോദിയെ ഭയപ്പെടുത്തി.
അദാനി വെറും ഒരു കമ്പനിയല്ല. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും സാമ്പത്തിക സ്രോതസാണ്. കേസുള്ളതുകൊണ്ടു രാജ്യം വിടാൻ പോലും കഴിയാത്ത അവസ്ഥയാണ് അദാനിക്ക്. മോദി തങ്ങൾക്കു വേണ്ടത് ചെയ്തില്ലെങ്കിൽ നടപടി എടുക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തി. ഈ കാരണങ്ങൾ കൊണ്ടാണ് കർഷകരെന്ന ഇന്ത്യയുടെ അടിത്തറ തകർക്കാൻ പ്രധാനമന്ത്രി തയാറായത്.
പ്രധാനമന്ത്രി സ്വയം സംരക്ഷിക്കുന്നതിനും പാർട്ടിയുടെ സാമ്പത്തികസ്രോതസ് സംരക്ഷിക്കുന്നതിനും കർഷകരെ ബലി നൽകി. അത് നമ്മൾ അനുവദിക്കില്ല. പാർലമെന്റിൽ ഇക്കാര്യം പറയാൻ ശ്രമിച്ചെങ്കിലും പ്രസംഗിക്കാൻ അനുവദിച്ചില്ല. സ്പീക്കർ ഉൾപ്പെടെയുള്ളവർ തടഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാഷ്ട്രപതിയുടെ പ്രസംഗത്തിനു മറുപടിപ്രസംഗം നടത്താൻ പ്രതിപക്ഷ നേതാവിനെ അനുവദിച്ചില്ല.