ന്യൂയോർക്ക്: ഇന്ത്യ വലിയ സാമ്പത്തികദുരന്തത്തിന്റെ വക്കിലാണെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രൂക്ഷമായ തൊഴിലില്ലായ്മ, തകർന്ന ഉത്പാദന മേഖല, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ മൂലം രാജ്യം വലിയ സാമ്പത്തികദുരന്തത്തിലേക്കാണു പോകുന്നത്. നിലവിലെ സാമ്പത്തിക നയങ്ങൾ തുടർന്നാൽ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
യുഎസിലെ കൊളംബിയ സർവകലാശാലയിൽ നടന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാമ്പത്തിക മാതൃക ഫലം നൽകുന്നത് ഒരു ദശകം മുമ്പുതന്നെ അവസാനിപ്പിച്ചിരുന്നു. രാജ്യത്തിന്റെ തകർന്ന സാമ്പത്തിക അടിത്തറ പുനരുജ്ജീവിപ്പിക്കാൻ മേക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങിയ പദ്ധതികൾക്കു സാധിച്ചില്ലെന്നും രാഹുൽ ആരോപിച്ചു.
""ഇന്ത്യ ഒരു സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണ്. അതാണ് യാഥാർഥ്യം. നിങ്ങൾക്ക് ഇതിനെ അവഗണിക്കാം, മാധ്യമങ്ങൾക്കും ഇതിനെ തള്ളിക്കളയാം. എന്നാൽ, ഇന്ത്യയിൽ അതിരൂക്ഷമായ തൊഴിലില്ലായ്മയുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലും പ്രതിസന്ധിയുണ്ട് . ചെറുകിട-ഇടത്തരം സംരംഭങ്ങളും കൃഷിയുമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇവ നിർണായകമാണ്. രാജ്യത്തെ ഉത്പാദന മേഖല പുനർനിർമിക്കേണ്ടതുണ്ട്’’- അദ്ദേഹം പറഞ്ഞു.
""ചെറുകിട-ഇടത്തരം സംരംഭങ്ങളും കൃഷിയുമാണു സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. എന്നാൽ, സമ്പദ്വ്യവസ്ഥയുടെ ഈ നട്ടെല്ല് ഒടിഞ്ഞുപോയിരിക്കുന്നു. സേവന മേഖലയിലൂടെ മാത്രം എല്ലാവർക്കും തൊഴിൽ നൽകാൻ കഴിയില്ല; ഒരുപക്ഷേ അഞ്ചു ശതമാനം പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞേക്കാം.
ദൗർഭാഗ്യവശാൽ, നമുക്ക് ഉത്പാദനമേഖല ആവശ്യമില്ല എന്നൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും പോലുള്ള ചുരുക്കം ചില വൻകിട ബിസിനസ് ഗ്രൂപ്പുകൾ മാത്രം വളരുമ്പോൾ, ചെറുകിട സംരംഭകർ പ്രതിസന്ധിയിലാണ്. സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ സമ്പത്ത് വൻതോതിൽ കേന്ദ്രീകരിക്കപ്പെടുകയും ജനങ്ങൾ വലിയ തോതിൽ അവകാശങ്ങളിൽനിന്നു പുറന്തള്ളപ്പെടുകയും ചെയ്യുന്നു’’ - രാഹുൽ ചൂണ്ടിക്കാട്ടി.
""ഇന്ത്യയിലെ നിലവിലെ തെരഞ്ഞെടുപ്പു സംവിധാനം പുനഃക്രമീകരിക്കണം. അതിനായി തങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്''- രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം, രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. രാഹുൽ തന്റെ വിദേശ സന്ദർശന വേളകളിലെല്ലാം തുടർച്ചയായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഇത് ലോകവേദികളിൽ ഇന്ത്യയുടെ നിലവാരം ഇടിയാൻ കാരണമാകുമെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.