ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സ്ഥിതിയിൽ ഇന്ത്യക്ക് ആഴത്തിലുള്ള ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കണമെന്നും മോദി പറഞ്ഞു.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുമായും അടുത്തു പ്രവർത്തിക്കുന്നതു തുടരുമെന്ന് മോദി പറഞ്ഞു. സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ തർക്കങ്ങളുടെയും പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമൊത്ത് ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇതു പറഞ്ഞു.
എന്നാൽ അമേരിക്കയെയോ ഇസ്രയേലിനെയോ ഇറാനെയോ മോദി വാർത്താസമ്മേളനത്തിൽ പരാമർശിച്ചില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ കൊലപാതകത്തെ പരാമർശിക്കാനോ അപലപിക്കാനോ മോദിയും കാർണിയും തയാറായതുമില്ല.
“ലോകമെന്പാടും നിലനിൽക്കുന്ന നിരവധി സംഘർഷങ്ങളിൽ ഇന്ത്യയുടെ നിലപാട് ഉറച്ചതാണ്. സമാധാനവും സ്ഥിരതയും നിലനിർത്താൻ ഞങ്ങൾ എപ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടു ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുന്പോൾ, സമാധാനത്തിനായുള്ള ശബ്ദം കൂടുതൽ ശക്തമാകും.’’ പശ്ചിമേഷ്യയിലേതുപോലുള്ള തർക്കങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഇന്ത്യ എപ്പോഴും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഭീകരത, തീവ്രവാദം തുടങ്ങിയ പൊതുവായ ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഭീകരവാദം, തീവ്രവാദം എന്നിവ മുഴുവൻ മനുഷ്യരാശിക്കും ഗുരുതര വെല്ലുവിളികളാണ്. ഈ ശക്തികൾക്കെതിരായ അടുത്ത സഹകരണം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും നിർണായകമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്തോ-പസഫിക് മേഖലയിലെ സുപ്രധാന പങ്കാളിയാണ് കാനഡയെന്നു മോദി പറഞ്ഞു ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷനിൽ ഡയലോഗ് പങ്കാളിയാകാനുള്ള കാനഡയുടെ താത്പര്യത്തെ ഇന്ത്യ സ്വാഗതം ചെയ്തു.