National
ന്യൂഡൽഹി: ലോക്സഭയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വിശദീകരിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ. പ്രതിപക്ഷ ബഹളത്തിനിടെയാണ് അദ്ദേഹം കരാർ വിശദീകരിച്ചത്.
140 കോടി ജനങ്ങൾക്ക് വേണ്ടി ഊർജ സുരക്ഷ ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കും. കാർഷിക മേഖലയുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ ഹനിക്കില്ല. രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കലാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
കരാർ, രാജ്യത്തിന്റെ കയറ്റുമതി രംഗത്തിന് ഗുണം ചെയ്യും. മെയ്ക്ക് ഇൻ ഇന്ത്യ, ഡിസൈൻ ഇൻ ഇന്ത്യ പോലുള്ള പദ്ധതികളെ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കും. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുന്നതാണ് കരാർ. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള കരാറാണിതെന്നും പീയുഷ് ഗോയൽ പറഞ്ഞി.
കൂടാതെ, ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പിഎം കോംപ്രമൈസ്ഡ് എന്നെഴുതിയ പോസ്റ്ററുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സറണ്ടർ മോദിയെന്ന് മുദ്രാവാക്യം വിളിച്ചു.
National
മുംബൈ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ പ്രഖ്യാപനം ഇന്ത്യൻ സാമ്പത്തിക വിപണിക്ക് നൽകിയത് പുത്തൻ ഉണർവ്. കരാറിന്റെ ഭാഗമായി അമേരിക്കൻ തീരുവകൾ കുറച്ചതോടെ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടവും രൂപയുടെ മൂല്യത്തിൽ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടവും രേഖപ്പെടുത്തി.
കേന്ദ്ര ബജറ്റ് ദിനത്തിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഓഹരി വിപണിക്ക് 10,000 പോയിന്റിലധികം ഇടിവ് നേരിട്ടിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്ഇ സെൻസെക്സ് 2,072.67 പോയിന്റ് (2.54%) ഉയർന്ന് 83,739.13-ൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തിൽ സെൻസെക്സ് 4,200 പോയിന്റിലധികംകുതിച്ച് 85,871.73 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 639.15 പോയിന്റ് ഉയർന്ന് 25,727.55-ലാണ് ക്ലോസ് ചെയ്തത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് കുതിപ്പാണ് നടത്തിയത്. ഏകദിന വ്യാപാരത്തിൽ 117 പൈസ (1.28%) വർധിച്ച് രൂപ 90.32 എന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ രൂപയുടെ ഏറ്റവും മികച്ച ഏകദിന നേട്ടമാണിത്. അമേരിക്കയുമായുള്ള വ്യാപാര അനിശ്ചിതത്വം നീങ്ങിയത് കറൻസി വിപണിയിൽ വലിയ ആശ്വാസമാണ് നൽകിയത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് കുറച്ചത്. വിപണിയിലെ കുതിപ്പിലൂടെ നിക്ഷേപകരുടെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 12 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായതായാണ് കണക്കുകൾ. 2018-ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന കുതിപ്പാണ് രൂപ നടത്തിയത്.
അമേരിക്കയുമായുള്ള കരാർ യാഥാർത്ഥ്യമായതോടെ ഐടി, ഫാർമ, ടെക്സ്റ്റൈൽസ് തുടങ്ങിയ കയറ്റുമതി കേന്ദ്രീകൃത മേഖലകൾ വരും ദിവസങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
Business
ന്യൂഡൽഹി: യുഎസ് ഇന്ത്യക്കു മേൽ ചുമത്തിയ പിഴ താരിഫുകൾ പിൻവലിക്കാൻ സമ്മതിച്ചതിനെത്തുടർന്ന് നവംബർ അവസാനത്തോടെ യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ.
സോയാബീൻ, ചോളം, ചില പാൽ ഉത്പന്നങ്ങൾ എന്നിവയുടെ തീരുവ രഹിത ഇറക്കുമതിക്ക് ഇന്ത്യ വിപണി തുറന്നുകൊടുക്കുമെന്നും അതേസമയം വ്യാവസായിക, കാർഷിക ഉത്്പന്നങ്ങൾക്ക് പരസ്പര താരിഫ് നിരക്കുകൾ ഇരുപക്ഷവും അന്തിമമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരസ്പര തീരുവകൾ അന്തിമമാക്കുന്നതിലാണ് ഇരു രാജ്യങ്ങളും ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 12നും 15നും ഇടയിൽ അല്ലെങ്കിൽ 15നും 19നും ഇടിൽ എന്നിങ്ങനെ രണ്ടു ശ്രേണികളെക്കുറിച്ചാണ് ചർച്ച നടക്കുന്നത്.
തീരുവ ഇല്ലാത്ത അല്ലെങ്കിൽ കുറഞ്ഞ തീരുവയിൽ ഇറക്കുമതി ചെയ്യാൻ അർഹതയുള്ള ഉത്പന്നങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുപക്ഷവും ഒത്തുതീർപ്പിലായിട്ടുണ്ട്.