സാധാരണക്കാർക്ക് ബസ് യാത്ര എന്നത് ദിനചര്യയുടെ ഭാഗവും നഗരങ്ങളിലെ സദാമുഴങ്ങുന്ന ശബ്ദങ്ങളിലൊന്നുമാണ്. എന്നാൽ രാജസ്ഥാനിലെ അജ്മീർ ജില്ലയിലുള്ള കുർത്താൽ എന്ന വിദൂര ഗ്രാമത്തിൽ ഒരു സർക്കാർ ബസിന്റെ വരവ് ഗ്രാമീണർക്ക് വലിയൊരു ആഘോഷമായി മാറി.
രാജസ്ഥാൻ റോഡ്വേസിന്റെ ബസ് ഗ്രാമത്തിലേക്ക് കടന്നുവരുമ്പോൾ വഴിനീളെ അണിനിരന്ന് നൃത്തം ചെയ്തും ചെണ്ടമേളങ്ങളോടെയും സന്തോഷം പങ്കുവെക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് തങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു സർക്കാർ ബസ് നേരിട്ടെത്തുന്നതെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. തൊട്ടടുത്തുള്ള കേരോട്ട് എന്ന ഗ്രാമവും വർഷങ്ങളായി സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ റൂട്ട് മാപ്പിൽ ഉൾപ്പെട്ടിരുന്നില്ല.
ഇത്രയും കാലം സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചോ മാത്രമാണ് ഇവിടെയുള്ളവർ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിയിരുന്നത്. സർക്കാർ ബസിന്റെ വരവ് വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും സാധാരണ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ്.
സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട വൈദ്യസഹായത്തിനുമുള്ള പുതിയ വാതിലുകളാണ് ഇത് തുറന്നിടുന്നത്.
നഗരങ്ങളിൽ പൊതുഗതാഗതം സർവ്വസാധാരണമായി കാണുന്നവർക്ക് മുന്നിൽ, രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിൽ ഇന്നും നിലനിൽക്കുന്ന വികസന വിടവിന്റെയും കാത്തിരിപ്പിന്റെയും യാഥാർഥ്യം ചൂണ്ടിക്കാണിക്കുന്നതായി മാറുകയാണ് ഈ സംഭവം.