ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൊവ്വാഴ്ച മുംബൈയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ചകൾ നടത്തും. ഏറെ നാളുകളായി പ്രതീക്ഷിക്കുന്ന ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന "ഫ്രീഡം 250 റിസപ്ഷനിൽ" റൂബിയോ പങ്കെടുക്കും. ബുധനാഴ്ച അദ്ദേഹം രാജ്യത്തിന്റെ പ്രധാന ഊർജ കേന്ദ്രമായ ഗുജറാത്തിലെ ജാംനഗർ സന്ദർശിക്കും. യു.എസ് അംബാസഡർ സെർജിയോ ഗോറും റൂബിയോയുടെ ഭാര്യ ജാനറ്റ് ഡൗസ്ഡെബ്സ് റൂബിയോയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുംബൈയിലെത്തിയ റൂബിയോയും സെർജിയോ ഗോറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഗേറ്റ്വേ ഓഫ് ഇന്ത്യ സന്ദർശിച്ചു.
താജ്മഹൽ പാലസ് ഹോട്ടലിലെ താജ് മെമ്മോറിയലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കായി അദ്ദേഹം പുഷ്പചക്രം അർപ്പിക്കും. സന്ദർശന വേളയിൽ വ്യാപാരം, ഊർജം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തും. ഇന്ത്യയുടെ ഊർജ ആവശ്യങ്ങളും റഷ്യൻ എണ്ണ ഇറുമതിയുമായി ബന്ധപ്പെട്ട താരിഫുകളും ചർച്ചാ വിഷയമായേക്കാം.