ചൈനയിലെ ഗുവാങ്ഷൂവിലുള്ള ഹൈഷു തെരുവിലൂടെ നടക്കുമ്പോൾ ഇന്ത്യൻ വ്ലോഗറായ പ്രണവിന് താൻ സ്വന്തം നാട്ടിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ഉണ്ടായത്.
നിരത്തിന്റെ ഇരുവശത്തും തകർന്നു വീഴാറായ കെട്ടിടങ്ങളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേബിളുകളും വഴിയോരങ്ങളിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ചുവരുകളിൽ നിറയെ പതിപ്പിച്ചിരിക്കുന്ന പരസ്യങ്ങളും ചേർന്ന ആ കാഴ്ച ഇന്ത്യയിലെ പല പ്രാദേശിക തെരുവുകളെയും ഓർമ്മിപ്പിക്കുന്നതായിരുന്നു.
തിളങ്ങുന്ന നഗരക്കാഴ്ചകളും വലിയ വികസന ചിത്രങ്ങളും മാത്രം പുറംലോകത്തിന് കാണിച്ചുകൊടുക്കുന്ന ചൈനയിലും ഇത്തരത്തിൽ വൃത്തിഹീനമായ ഇടങ്ങളുണ്ടെന്ന യാഥാർഥ്യം പ്രണവ് താൻ പകർത്തിയ ദൃശ്യങ്ങളിലൂടെ പങ്കുവെച്ചു.
തന്റെ നാട്ടിലെ പ്രാദേശിക വിപണികൾ പോലും ഇതിനേക്കാൾ എത്രയോ ഭേദമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പൊതുസ്ഥലങ്ങളിലെ അഴുക്കിന്റെയും ശുചിത്വമില്ലായ്മയുടെയും പേരിൽ എന്തുകൊണ്ടാണ് ഇന്ത്യ മാത്രം എപ്പോഴും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ നേരിടുന്നതെന്ന ഗൗരവമേറിയ ചോദ്യവും ഉന്നയിച്ചു.
ഏതൊരു രാജ്യത്തിനും ഇതുപോലെ മറച്ചുവെക്കപ്പെടുന്ന മോശം വശങ്ങളുണ്ടെന്നും എന്നാൽ വിദേശികൾക്കിടയിലും ഇന്റർനെറ്റിലും ഇന്ത്യയെ മാത്രം എപ്പോഴും ലക്ഷ്യമിടുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കുറിച്ചു. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.
എല്ലാ നാടുകൾക്കും ഇത്തരം മോശം ഇടങ്ങളുണ്ടെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം തെരുവുകളുടെയും സ്ഥിതി സമാനമാണെന്നും അതിനാൽ അപൂർവമായി കാണുന്ന ഒരു കാഴ്ചയെ വെച്ച് താരതമ്യം ചെയ്യാനാകില്ലെന്നും ഒരു വിഭാഗം ആളുകൾ വാദിക്കുമ്പോൾ, മറ്റു രാജ്യങ്ങൾ തങ്ങളുടെ മോശം വശങ്ങൾ സമർഥമായി മറച്ചുവെക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അനുകൂലിക്കുന്നവരും അഭിപ്രായപ്പെടുന്നു.