കണ്ണൂർ: റോമിലെ നിത്യസഹായ മാതാവിന്റെ ബസിലിക്കയിൽ നിന്നാരംഭിച്ച് വിവിധ രാജ്യങ്ങളിലൂടെ പ്രയാണം നടത്തിയ വിശുദ്ധ ജെരാർദ് മജല്ലയുടെ തിരുശേഷിപ്പിന്റെ ഭാരതപ്രയാണം കണ്ണൂർ ജില്ലയിലെ എടൂർ അൽഫോൻസ് ഭവനിൽ ഇന്ന് സമാപിക്കും.
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെയും ഗർഭസ്ഥാവസ്ഥയിൽ വൈഷമ്യം നേരിടുന്ന കുഞ്ഞിപ്പൈതങ്ങളുടെയും മധ്യസ്ഥനായി വണങ്ങപ്പെടുന്ന വിശുദ്ധ ജെരാർദ് മജല്ലയുടെ മുന്നൂറാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം അംഗമായിരുന്ന ദിവ്യരക്ഷക (റിഡംപ്റ്ററിസ്റ്റ്) സന്യാസിമാർ സേവനം ചെയ്യുന്ന 82 രാജ്യങ്ങളിലൂടെയും വിശുദ്ധന്റെ തിരുശേഷിപ്പ് പ്രയാണം നടത്തുന്നത്.
ഇറ്റലിയിലെ നേപ്പിൾസിൽ മൂറോ ലുക്കാനോ എന്ന കൊച്ചു ഗ്രാമത്തിൽ 1726ലാണ് വിശുദ്ധ ജെരാർദ് മജല്ല ജനിച്ചത്. ആരോഗ്യമില്ലാതിരുന്നിട്ടും സന്യാസിയാകണം എന്ന തീക്ഷ്ണമായ ആഗ്രഹം മൂലം മാത്രമാണ് അദ്ദേഹത്തെ ദിവ്യരക്ഷകസന്യാസിമാർ ആശ്രമത്തിലെടുത്തത്. 29-ാം വയസിൽ ഇഹലോകവാസം വെടിയുമ്പോഴേക്കും അദ്ദേഹം ധാരാളം അദ്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നതായി അന്നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ലോകമെമ്പാടും മക്കളില്ലാത്തവരുടെ ആശ്രയമായ വിശുദ്ധ ജെരാർദ് മജല്ലയുടെ കൈവിരലുകളിൽ ഒരു അസ്ഥിയാണ് റോമിൽ നിന്നു വിശ്വാസികളുടെ വണക്കത്തിനായി കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയത്. തിരുശേഷിപ്പിന്റെ കേരളത്തിലെ പ്രയാണത്തിന് സിഎസ്എസ്ആർ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. റോജേരിയോ ഗോമസ് നേതൃത്വം നൽകി. കേരളാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. പോളി കണ്ണമ്പുഴയുടെ നേതൃത്വത്തിൽ നടന്ന തിരുശേഷിപ്പിന്റെ പ്രയാണത്തിന്റെ സമാപനം ഇന്ന് എടൂർ അൽഫോൻസ് ഭവനിൽ നടക്കും.
ഇന്നു വൈകുന്നേരം നാലു മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നേതൃത്വം നല്കും. എടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള തിരുശേഷിപ്പിന്റെ പ്രയാണത്തിന് എടൂർ അൽഫോൻസ് ഭവൻ സുപ്പീരിയർ ഫാ. സിജോ തളിയത്തും മറ്റു വൈദികരും നേതൃത്വം നൽകി.