പളുങ്ക് വീഴുന്ന ശബ്ദമാണ് പി. സുശീലയുടേതെന്നു പറഞ്ഞത് സാക്ഷാല്‍ ജി. ദേവരാജന്‍ മാസ്റ്ററാണ്. സത്യമാണത്. പളുങ്കുമണികള്‍ ചിതറിവീഴുന്ന എത്രയെത്ര ഗാനങ്ങളാണ് പി. സുശീല മലയാളത്തിനു സമ്മാനിച്ചിട്ടുള്ളത്. പൂന്തേനരുവി..., ഏഴു സുന്ദര രാത്രികള്‍..., രാജശില്പി...., പ്രിയതമാ...., കാറ്റില്‍ ഇളം കാറ്റില്‍... കറുത്ത ചക്രവാള മതിലുകള്‍ ചൂഴും.... നക്ഷത്ര കിന്നരന്മാര് വിരുന്നുവന്നു... അങ്ങനെ ആയിരക്കണക്കിന് അനശ്വരഗാനങ്ങള്‍.
പന്ത്രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ നാല്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട് പി. സുശീല. ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാവായ ഈ ഗായിക മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയത് അഞ്ച് തവണയാണ്. ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ച ഇന്ത്യന്‍ ഗായിക കൂടിയാണ് പി. സുശീല (1969 ല്‍ ഉയര്‍ന്ത മനിതന് എന്ന സിനിമയിലെ നാളൈ ഇന്ത നേരം പാര്‍ത്ത്... എന്ന ഗാനത്തിന്).
പുറമേയ്ക്ക് അല്പം ഗൗരവമൊക്കെ തോന്നുമെങ്കിലും ആര്‍ദ്രമായൊരു ഹൃദയത്തിന്റെ ഉടമയാണ് പി. സുശീല. എസ്. ജാനകിയുടെ നിഷ്കളങ്കതയും പൊട്ടിച്ചിരിയും പലര്‍ക്കുമറിയാം. സുശീലാമ്മ അല്പം അകന്നു നില്ക്കുന്ന പ്രകൃതക്കാരിയാണെന്ന് പലരും ധരിക്കുന്നുണ്ട്. കുട്ടികളെപ്പോലെ നിഷ്കളങ്കയും അതീവ കാരുണ്യവും സ്നേഹവും നിറഞ്ഞ ഹൃദയത്തിന്റെ ഉടമയുമാണ് പി. സുശീലയെന്നും കമുകറ പുരുഷോത്തമന്റെ മകള്‍ ഡോ. ശ്രീലേഖ പറയുന്നു. ചെറിയ കാര്യത്തിനുപോലും പൊട്ടിച്ചിരിക്കുന്ന പ്രകൃതവുമുണ്ട് സുശീലാമ്മയ്ക്ക്. മലയാളത്തിന്റെ അനശ്വരഗായകന് കമുകറ പുരുഷോത്തമനുമായി നല്ല ആത്മബന്ധമുണ്ടായിരുന്നു സുശീലയ്ക്ക്. പട്ടുതൂവാല എന്ന ചിത്രത്തില്‍ കമുകറയും സുശീലയും പാടിയ ആകാശ പൊയ്കയിലുണ്ടൊരു പൊന്നും തോണി... ഇന്നും ആരാധകര്‍ നെഞ്ചേറ്റുന്ന ഗാനമാണ്.
‘പട്ടുതൂവാലയിലെ’ തന്നെ പൊട്ടിക്കരയിപ്പിക്കാന്‍ മാത്രമെനിക്കൊരു... എന്ന ഗാനവും പ്രശസ്തമാണ്. പറന്നു പറന്നു.. (ശ്രീരാമപട്ടാഭിഷേകം) തങ്കത്തേരില്‍ എഴുന്നള്ളുന്നൊരു... (കളിയോടം) തുടങ്ങി ഒരുപിടി നല്ല ഗാനങ്ങള്‍ കമുകറയ്ക്കൊപ്പം സുശീല പാടിയിട്ടുണ്ട്.
തിരുവനന്തപുരം എന്‍എസ്എസ് കോളജിൽ സംഗീതവിഭാഗം മുന്‍ അസോസിയേറ്റ് പ്രഫസറും ഇപ്പോള്‍ തമിഴ്നാട് നൂറുല്‍ ഇസ്ലാം കോളജ് സംഗീത വിഭാഗം വിസിറ്റിംഗ് പ്രഫസറുമായ ഡോ. ശ്രീലേഖയെ കേള്‍ക്കാം...
‘തിരുവനന്തപുരത്ത് കമുകറ ഫൗണ്ടേഷന്റെ അവാര്‍ഡ് ചടങ്ങിനു വന്നപ്പോഴെല്ലാം ഞങ്ങളുടെ വീട്ടില്‍ സുശീലാമ്മ വന്നിട്ടുണ്ട്. ഫൗണ്ടേഷന്റെ ചടങ്ങുകള്‍ക്കു മാത്രമല്ല, തിരുവനന്തപുരത്ത് മറ്റ് ചടങ്ങുകള്‍ക്കു വരുമ്പോഴും വീട്ടില്‍ വരുന്ന പതിവുണ്ട്. അച്ഛനോടുള്ള സ്നേഹവും അടുപ്പവും അമ്മയോടും ഞങ്ങള്‍ മക്കളോടും സുശീലാമ്മ പ്രകടിപ്പിച്ചിരുന്നു. ഞങ്ങളോടെന്നല്ല എല്ലാവരോടും വലിയ സ്നേഹമാണ്. സുശീലാമ്മയുടെ ദാനശീലവും വാക്കുകള്‍കൊണ്ടു പറയാന്‍ കഴിയാത്തതാണ്. സായിബാബയുടെ പേരില്‍ സുശീലമ്മയ്ക്ക് സ്വന്തമായൊരു ചാരിറ്റബിള്‍ ട്രസ്റ്റുണ്ട്. അതുവഴി വലിയ സേവനങ്ങള്‍ സുശീലാമ്മ ചെയ്യുന്നുണ്ട്. തനിക്കുള്ളതെന്തും മറ്റുള്ളവര്‍ക്കു നല്‍കാനുള്ള ഒരു മനസും അവര്‍ക്കുണ്ട്.
എന്റെ ഒരനുഭവം പറയാം. തിരുവനന്തപുരത്ത് സുശീലാമ്മ വരുമ്പോള്‍ ഞാനാണ് എയര്‍പോര്‍ട്ടില്‍ അമ്മയെ സ്വീകരിക്കുന്നതും മടങ്ങാന്‍ നേരം എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകുന്നതും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സുശീലാമ്മ തിരുവനന്തപുരത്ത് ജോണ്സണ് മാസ്റ്റര്‍ പങ്കെടുത്ത ഒരു ചടങ്ങിന് എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍നിന്നു സുശീലാമ്മയെ ഹോട്ടലിലേക്ക് കാറില്‍ കൊണ്ടു പോകുന്ന വേളയിൽ സുശീലാമ്മ കഴുത്തില്‍ അണിഞ്ഞിരുന്ന മാല ഞാന്‍ ശ്രദ്ധിച്ചു. പൊതുവേ ഭംഗിയായി അണിഞ്ഞൊരുങ്ങുന്ന പ്രകൃതമുണ്ട് അമ്മയ്ക്ക്.
പല വര്‍ണങ്ങളിലെ കല്ലുകള്‍ പതിച്ച മാല സുശീലാമ്മയ്ക്ക് നന്നായി ഇണങ്ങുന്നുവെന്നും മാല വളരെ മനോഹരമാണെന്നും ഞാന്‍ പറഞ്ഞു. സുശീലാമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നു വാങ്ങിയ മാലയാണ്. നാലായിരം രൂപയാണ്. വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് ഉടനെ വാങ്ങിയതാണ്’. അടുത്ത ദിവസം എയര്‍പോര്‍ട്ടില്‍ സുശീലാമ്മയെ എത്തിച്ചശേഷം ഞാന്‍ ജോലി ചെയ്യുന്ന എന്‍ എസ് എസ് കോളജിലേക്ക് മടങ്ങി. ഞാന്‍ കോളജില്‍ എത്തിയ സമയം എന്റെ മൊബൈല്‍ ഫോണില്‍ സുശീലാമ്മ വിളിച്ചു. കാറിന്റെ ഡാഷ്ബോര്‍ഡില്‍ ഒരു സാധനം വച്ചിട്ടുണ്ടെന്നും അത് എനിക്കാണെന്നും സുശീലാമ്മ പറഞ്ഞു. ഞാന്‍ പോയി നോക്കുമ്പോള്‍ ഡാഷ്ബോര്‍ഡില്‍ തലേദിവസം ഞാന്‍ നല്ലതെന്ന് അഭിപ്രായപ്പെട്ട കല്ലുവച്ച മാല കണ്ടു.
എയര്‍പോര്‍ട്ടില്‍ വച്ച് സുശീലാമ്മയുടെ ബാഗും മറ്റും കൊണ്ടുപോകാനായി ട്രോളി എടുക്കാന്‍ പോയ സമയത്ത് ആവാം അമ്മ മാല എനിക്കായി മാറ്റിവച്ചത്. നേരിട്ടു തന്നാല്‍ ഞാന്‍ വാങ്ങില്ല എന്ന് കരുതിയാവും കാറില്‍നിന്ന് ഞാന്‍ ഇറങ്ങിയ സമയം നോക്കി ഡാഷ് ബോര്‍ഡില്‍ മാല വച്ചത്. ഇനി എനിക്കൊരു സര്‍പ്രൈസ് നല്കാന് ആയിട്ടാണോ എന്നും അറിയില്ല. ഈ സംഭവം എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. സങ്കടവും സന്തോഷവും എല്ലാംകൂടി കലര്‍ന്ന ഒരനുഭവം. സുശീലാമ്മയുമായി വലിയ അടുപ്പമുള്ള സഹായി സരസ്വതി എന്നോട് അമ്മയുടെ മഹാമനസ്കതയെക്കു റിച്ച് പല അനുഭവങ്ങളും പറഞ്ഞിട്ടുണ്ട്.
2001ല്‍ കമുകറ ഫൗണ്ടേഷന് മികച്ച ഗായികയ്ക്കുള്ള കമുകറ പുരസ്കാരം പി. സുശീലയ്ക്ക് നല്‍കിയിരുന്നു. 2019ലാണ് തിരുവനന്തപുരത്ത് കമുകറ ഫൗണ്ടേഷന്റെ പുരസ്കാരം ഗായിക സുജാതയ്ക്കു സമ്മാനിക്കാന്‍ സുശീലാമ്മ ഒടുവില്‍ എത്തിയത്. പിന്നീട് ഇതുവരെ വരാന്‍ പലവിധ കാരണങ്ങള്‍ കൊണ്ടും സാധിച്ചിട്ടില്ല.