ഐച്ചിനഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടത്തിൽ നൂറുകടന്ന് ഇന്ത്യയുടെ കുതിപ്പ്. അഞ്ചാം ദിനം രണ്ട് ലോക റിക്കാർഡുകളോടെ സ്വർണം നേടിയ ഇന്ത്യ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്താണ്. പുരുഷന്മാരുടെ 400 മീറ്റർ ടി 44 വിഭാഗത്തിൽ സന്ദീപ് കുമാറും ജാവലിൻ ത്രോ എഫ് 37/38 വിഭാഗത്തിൽ ഹനിയും ലോക റിക്കാർഡോടെ സ്വർണം സ്വന്തമാക്കി.
പുരുഷന്മാരുടെ 400 മീറ്റർ ടി 44 വിഭാഗത്തിൽ 52.28 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സന്ദീപ് കുമാർ ലോക റിക്കാർഡോടെ സ്വർണം നേടിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ അജയ് കുമാർ വെങ്കലവും സ്വന്തമാക്കി. 53.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത അജയ് ഗെയിംസ് റിക്കാർഡോടെയാണ് വെങ്കലം നേടിയത്. പാക്കിസ്ഥാന്റെ നൂർ അൽസാൻ വെള്ളി നേടി.
ജാവലിൻ ത്രോ എഫ് 37/38 വിഭാഗത്തിൽ 60.49 മീറ്റർ ദൂരം പിന്നിട്ടാണ് ഹനി ലോക റിക്കാർഡോടെ സ്വർണം നേടിയത്. അഞ്ചാം ശ്രമത്തിൽ 59.72 മീറ്റർ ദൂരം കണ്ടെത്തി റിക്കാർഡ് സ്ഥാപിച്ച ഹനി, അവസാന ശ്രമത്തിൽ അത് 60.49 മീറ്ററാക്കി ഉയർത്തുകയായിരുന്നു. നേരത്തെ ഡിസ്കസ് ത്രോയിൽ ഹനി വെങ്കലവും നേടിയിരുന്നു.
പുരുഷന്മാരുടെ സിംഗിൾസ് ബാഡ്മിന്റൺ എസ്എൽ മൂന്ന് വിഭാഗത്തിൽ നിതേഷ് കുമാർ സ്വർണവും പ്രമോദ് ഭഗത് വെള്ളിയും നേടി. പാരാ ആർച്ചറി റീക്കർവ് ടീം ഇനത്തിൽ ചൈനയെ 5-1ന് തോൽപ്പിച്ച ഹർവീന്ദർ സിങ്ങും വിജയിയും ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കി. നിലവിൽ ഇന്ത്യ 25 സ്വർണവും 32 വെള്ളിയും 43 വെങ്കലവും നേടി.