കൊച്ചി: ഇന്ത്യന്‍ തീരങ്ങളില്‍ 2024 - 25ല്‍ 161 സമുദ്ര സസ്തനികള്‍ കരയ്ക്കടിഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) കണ്ടെത്തല്‍. ഇതില്‍ 113 എണ്ണം ഗോവയിലാണ്. കേരളത്തില്‍ 13 റിപ്പോര്‍ട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതുസംബന്ധിച്ച ജിഐഎസ് അധിഷ്ഠിത മാപ്പ് സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചു.
സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിലാണു പഠനം അവതരിപ്പിച്ചത്. തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്തനികള്‍ കരയ്ക്കടിയുന്നത് കൂടുതലായി നടക്കുന്ന തീരപ്രദേശങ്ങള്‍ തിരിച്ചറിയാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ലക്ഷ്യമിട്ടായിരുന്നു സിഎംഎഫ്ആര്‍ഐയുടെ പഠനം. സീനിയര്‍ സയന്റിസ്റ്റ് ഡോ. രതീഷ് കുമാര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കൂടുതലായി കരക്കടിഞ്ഞത് ഡോള്‍ഫിനാണ് - 82 എണ്ണം.
സിഎംഎഫ്ആര്‍ഐയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ വിദഗ്ധരും പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇന്ത്യന്‍ തീരങ്ങളില്‍നിന്നു വിരവശേഖരണം നടത്തിയത്. മറൈന്‍ മാമല്‍ റിസര്‍ച്ച് ആന്‍ഡ് കണ്‍സര്‍വേഷന്‍ നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ളവരുടെ ഡാറ്റാബേസുകള്‍ വഴി ക്രമീകരിച്ച വിവരങ്ങള്‍ പഠനത്തിനായി ഉപയോഗിച്ചു.
ഡിജിറ്റല്‍ വിവരശേഖരണ പ്ലാറ്റ്ഫോം
ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചു കടല്‍ സസ്തനികളുടെ കരയ്ക്കടിയല്‍ വിവരങ്ങള്‍ തത്സമയം നല്കുന്ന ഇന്ററാക്ടീവ് പ്ലാറ്റ്ഫോമും സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചു. 32 ഇനം കടല്‍ സസ്തനികളുമായി ബന്ധപ്പെട്ട 1,300ഓളം ഭൗമശാസ്ത്ര വിവര പോയിന്റുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരയ്ക്കടിഞ്ഞ സ്ഥലം, ജീവിവര്‍ഗം, സംഭവം നടന്ന സമയം, മരണകാരണം എന്നിവ ഇതിലൂടെ എളുപ്പത്തില്‍ വിശകലനം ചെയ്യാന്‍ സാധിക്കും.
ട്രെവര്‍ പ്ലാറ്റ് സയന്‍സ് ഫൗണ്ടേഷന്, കുസാറ്റ് കെമിക്കല്‍ ഓഷ്യനോഗ്രഫി വിഭാഗം, സിഎംഎഫ്ആര്‍ഐ, മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണു ത്രിദിന അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നത്. സിമ്പോസിയം ഇന്നു സമാപിക്കും. സമാപനസമ്മേളനം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ കുമാര്‍ തുമ്മല ഉദ്ഘാടനം ചെയ്യും.