ഡോണൾഡ് ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തുന്ന കൈവിട്ട തീരുവക്കളികളും നിർദിഷ്ട ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാറും ഇന്ത്യയിലെ പാവപ്പെട്ട കർഷകർക്കു കുരുക്കായി മാറുകയാണ്. പതിറ്റാണ്ടുകളായി അമേരിക്കൻ സമ്മർദത്തെ ചെറുത്ത് അടച്ചിട്ടിരുന്ന ഇന്ത്യൻ കാർഷികവിപണി അമേരിക്കയ്ക്ക് വൻതോതിൽ തുറന്നുകൊടുക്കുന്നുവെന്നതാണ് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ഫെബ്രുവരി ആദ്യം പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ചട്ടക്കൂട് പ്രകാരം ഇന്ത്യ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഭക്ഷ്യ- കാർഷിക ഉത്പന്നങ്ങളുടെ തീരുവ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യണം.
അണ്ടിപ്പരിപ്പുകൾ, പുതിയതും സംസ്കരിച്ചതുമായ പഴങ്ങൾ, സോയാബീൻ എണ്ണ, വൈൻ, സ്പിരിറ്റുകൾ, ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ് വിത്ത് സൊലുബിൾസ് (ഡിഡിജിഎസ്), കാലിത്തീറ്റയ്ക്കുള്ള ചുവന്ന ചോളം എന്നിവ ഈ ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. അന്തിമകരാർ ഒപ്പിടുമ്പോൾ കൂടുതൽ കാർഷികോത്പന്നങ്ങൾ അധികമായി കടന്നുവരാനുള്ള സാധ്യതയും ചട്ടക്കൂട് തുറന്നിടുന്നു. ഗോതമ്പ്, അരി, ചോളം, പഞ്ചസാര, പാൽ, കോഴിയിറച്ചി തുടങ്ങിയ പ്രധാന ഉത്പന്നങ്ങളെ കരാറിൽനിന്ന് ഒഴിവാക്കിയെന്നും കാർഷികമേഖലയെ സംരക്ഷിച്ചുവെന്നുമാണ് കേന്ദ്ര ഗവൺമെന്റിന്റെ അവകാശവാദം. എന്നാൽ, സോയാബീൻ, മറ്റ് എണ്ണക്കുരുക്കൾ, മക്കച്ചോളം, ചോളം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ, ആൽമണ്ട്സ്, വാൽനട്സ് തുടങ്ങിയ അണ്ടിപ്പരിപ്പുകൾ, പരുത്തി തുടങ്ങിയവ കൃഷിചെയ്യുന്ന കോടിക്കണക്കിന് ഇന്ത്യൻ കർഷകർ കരാർ നടപ്പായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.
►ട്രംപിന്റെ തീരുവക്കളികൾ◄
ചരിത്രപരമായി, ഇന്ത്യ അമേരിക്കൻ കാർഷികോത്പന്നങ്ങൾക്ക് 30 മുതൽ 150 ശതമാനം വരെ ഇറക്കുമതിത്തീരുവ ചുമത്തിയിരുന്നു. ഇത് ലോക വ്യാപാരസംഘടനയുടെ വ്യവസ്ഥകൾ പ്രകാരം നിയമപരവുമായിരുന്നു. അതേസമയം, 2025ന് മുമ്പ് അമേരിക്ക ഇന്ത്യൻ കാർഷികോത്പന്നങ്ങൾക്ക് ശരാശരി 5.3 ശതമാനം ഇറക്കുമതിത്തീരുവ മാത്രമേ ചുമത്തിയിരുന്നുള്ളൂ. 2025 ഏപ്രിൽ രണ്ടിന് ട്രംപ് രാജ്യാടിസ്ഥാനത്തിൽ പ്രഖ്യാപിച്ച പരസ്പര തീരുവ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങളുടെ പരസ്പര തീരുവ 26 ശതമാനമായി ഉയർത്തി. 2025 ഏപ്രിൽ ഒമ്പതിന് ഇത് മൂന്നു മാസത്തേക്കും ജൂലൈ എട്ടിന് ഓഗസ്റ്റ് ഒന്നു വരെയും മരവിപ്പിച്ചു. 2025 ജൂലൈ 31ന് എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഏഴിന് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം പിഴത്തീരുവ അധികമായി ഏർപ്പെടുത്തി. അങ്ങനെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം അധികതീരുവ നിലവിൽവന്നു.
2026 ഫെബ്രുവരി ആറിന് സംയുക്ത പ്രസ്താവനയിലൂടെ ഉഭയകക്ഷി കരാറിന്റെ ഭാഗമായി ഇന്ത്യൻ ഉത്പന്നങ്ങളുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിത്തീരുവ 18 ശതമാനമായി കുറച്ചതായി അമേരിക്ക അറിയിച്ചു. ഫെബ്രുവരി ഏഴിന് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ ട്രംപ് റദ്ദാക്കി. കരാർ പ്രഖ്യാപനം വന്നതോടെ, 2025ന് മുമ്പ് ദശകങ്ങളായി ഇന്ത്യൻ കാർഷികോത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന ശരാശരി ചുങ്കം 5.3 ശതമാനത്തിൽനിന്ന് 18 ശതമാനമായി ഉയർന്നു. 30 മുതൽ 150 ശതമാനം വരെ തീരുവ ചുമത്തി സംരക്ഷിച്ചിരുന്ന ഇന്ത്യൻ കാർഷികവിപണി തീരുവയില്ലാതെയോ കുറഞ്ഞ തീരുവയ്ക്കോ അമേരിക്കയ്ക്കു തുറന്നുകൊടുക്കേണ്ടിവന്നു.
ഫെബ്രുവരി 20ന് അമേരിക്കൻ സുപ്രീംകോടതി ട്രംപിന്റെ പരസ്പര തീരുവ റദ്ദാക്കിയതോടെ ചിത്രം വീണ്ടും മാറി. സുപ്രീംകോടതി വിധി വന്ന ഉടനെ എല്ലാ രാജ്യങ്ങൾക്കും ആഗോളതലത്തിൽ ഒരേപോലെ 10 ശതമാനം തീരുവ ചുമത്തി ട്രംപ് ഉത്തരവിറക്കി. ഒരു ദിവസത്തിനുള്ളിൽ ഇതു വീണ്ടും 15 ശതമാനമായി ഉയർത്തി. 150 ദിവസത്തേക്കാണ് 15 ശതമാനം തീരുവയ്ക്ക് പ്രാബല്യം. ആഗോളതലത്തിൽ പുതിയ തീരുവ പ്രാബല്യത്തിൽ വന്നാലും ഇന്ത്യ-അമേരിക്ക വ്യാപരക്കരാറുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യ അമേരിക്കയിലേക്കു തീരുവ നൽകിയും അമേരിക്ക ഇന്ത്യയിലേക്കു തീരുവ നൽകാതെയും വ്യാപാരം നടത്തുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇനി ആഗോളതലത്തിൽ ബാധകമായ 15 ശതമാനമാണോ അതോ കരാറിന്റെ ഭാഗമായ 18 ശതമാനമാണോ തീരുവയായി നൽകേണ്ടിവരിക എന്ന് കാത്തിരുന്നു കാണേണ്ടിവരും. ബംഗ്ലാദേശ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യയേക്കാൾ അല്പം ഉയർന്ന നിരക്കിൽ ആ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളിൽ തീരുവ ചുമത്തിയിരുന്നത് ഇന്ത്യക്ക് നേട്ടമായി ഉയർത്തിക്കാട്ടിയിരുന്നു. എല്ലാ രാജ്യങ്ങൾക്കും 15 ശതമാനം തീരുവ വരുന്നതോടെ ചൈനയ്ക്കും ഈ രാജ്യങ്ങൾക്കും മേൽ ഇന്ത്യക്കുണ്ടെന്നു പറയപ്പെട്ടിരുന്ന മേൽക്കൈ നഷ്ടപ്പെട്ടു. ഈ രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ 30 ശതമാനത്തോളം ഉത്പാദനച്ചെലവ് കുറവായതിനാൽ അവർക്ക് കൂടുതൽ മത്സരക്ഷമതയോടെ കയറ്റുമതി നടത്താനാകും.
►സുഗന്ധവ്യഞ്ജനങ്ങൾക്ക് മുമ്പേ ഇളവ്◄
സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, തേയില, വാഴപ്പഴം, മാമ്പഴ ഉത്പന്നങ്ങൾ, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ കാർഷികോത്പന്നങ്ങളെ അമേരിക്ക പരസ്പര ഇറക്കുമതി തീരുവയിൽനിന്ന് മുമ്പുതന്നെ ഒഴിവാക്കിയതാണ്. ഈ ഉത്പന്നങ്ങൾക്ക് ഇന്ത്യ-അമേരിക്കൻ ഉഭയകക്ഷി കരാർകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമില്ല. വാഴപ്പഴം, പൈനാപ്പിൾ, മാമ്പഴം തുടങ്ങിയ എല്ലാ സീസണൽ പഴങ്ങൾക്കും 2025നു മുമ്പ് അമേരിക്ക തീരുവ രഹിത ഇറക്കുമതി അനുവദിച്ചിരുന്നു. 2025 ഓഗസ്റ്റോടെ ഈ ഉത്പന്നങ്ങൾക്ക് ട്രംപ് പിഴത്തീരുവ ഉൾപ്പെടെ 50 ശതമാനം അധികതീരുവ ഏർപ്പെടുത്തി. വിലക്കയറ്റത്തെ തുടർന്ന് അമേരിക്കയിലെ സാധാരണ പൗരന്മാർ തെരുവിലിറങ്ങിയതോടെ ഈ തീരുമാനം പുനഃപരിശോധിക്കാൻ ട്രംപ് നിർബന്ധിതനായി.
2025 നവംബർ 14ന് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓർഡറിൽ പൈനാപ്പിൾ, അവക്കാഡോ, മങ്കോസ്റ്റിൻ, ഓറഞ്ച് തുടങ്ങിയ ഉഷ്ണമേഖലാ പഴങ്ങൾ, പഴച്ചാറുകൾ, തേയില, കാപ്പി, കുരുമുളക്, ഏലം, മഞ്ഞൾ, ഇഞ്ചി, ഗ്രാമ്പൂ, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയടക്കം 200 കാർഷികോത്പന്നങ്ങളെ അധിക തീരുവയിൽനിന്ന് ഒഴിവാക്കിയിരുന്നു. മറ്റെല്ലാ ഉത്പന്നങ്ങൾക്കും 50 ശതമാനം തീരുവ നിലനിന്നപ്പോഴായിരുന്നു ഈ ഇളവ്. ഈ ഉത്പന്നങ്ങൾക്ക് 2025 നവംബർ 13 മുതൽ സ്റ്റാൻഡേർഡ് എംഎഫ്എൻ (മോസ്റ്റ് ഫേവേഡ് നേഷൻ) നിരക്കിലുള്ള തീരുവ മാത്രമാണ് ബാധകം. ഇന്ത്യക്കു മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങൾക്കും ഈ തീരുവ ഇളവ് ബാധകമാണ്. കഴിഞ്ഞ വർഷം നവംബർ മുതലേ നിലവിലുള്ള ഈ ഇളവ് ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാറിന്റെ നേട്ടമല്ല.
►പിൻവാതിലിലൂടെ ജിഎം ഉത്പന്നങ്ങൾ◄
തീരുവയില്ലാതെ ഡിഡിജിഎസ് ഇറക്കുമതി അനുവദിക്കാനുള്ള തീരുമാനം പിൻവാതിലിലൂടെ ജനിതക പരിവർത്തനം വരുത്തിയ വിളകളെ ഇന്ത്യയിൽ പ്രവേശിപ്പിക്കാനുള്ള നീക്കമാണെന്നാണ് കർഷകസംഘടനകളുടെ ആരോപണം. ചോളവും മറ്റു ധാന്യങ്ങളും ഉപയോഗിച്ച് എത്തനോൾ ഉത്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന പ്രോട്ടീൻ സമ്പുഷ്ട ഉപോത്പന്നമാണ് ഡിസ്റ്റിലേഴ്സ് ഡ്രൈഡ് ഗ്രെയിൻസ് വിത്ത് സൊലുബിൾസ് എന്ന ഡിഡിജിഎസ്. കാലിത്തീറ്റ, കോഴിത്തീറ്റ, മത്സ്യത്തീറ്റ എന്നിവയായി ഉപയോഗിക്കുന്നതിനു തീരുവയില്ലാതെ, ക്വോട്ട അടിസ്ഥാനത്തിൽ ഡിഡിജിഎസ് ഇറക്കുമതി അനുവദിക്കും. അമേരിക്കൻ ഡിഡിജിഎസ് ജനിതക പരിവർത്തനം വരുത്തിയ മക്കച്ചോളം ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്.
ജിഎം ഭക്ഷ്യവിളകളും ഉത്പന്നങ്ങളും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനു സുരക്ഷിതമാണോ എന്ന് സംശയരഹിതമായി തെളിഞ്ഞിട്ടില്ല. അതിനാൽ സുരക്ഷാപരമായ ഒരു മുൻകരുതലായി അവയ്ക്ക് ഇന്ത്യ ഇതുവരെ അനുമതി നൽകിയിട്ടില്ല. 2017 മുതൽ ഡിഡിജിഎസ് ഇറക്കുമതിക്കുവേണ്ടി അമേരിക്ക സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല. ജനിതക പരിവർത്തനം വരുത്തിയ ഉത്പന്നങ്ങൾക്ക് അനുമതി നൽകേണ്ട കേന്ദ്ര സമിതിയായ ജനറ്റിക് എൻജിനിയറിംഗ് അപ്രൂവൽ കമ്മിറ്റി (ജിഇഎസി) ഇതു സംബന്ധിച്ച അപേക്ഷകളിൽ ഇതുവരെയും അന്തിമ തീരുമാനം പ്രഖ്യപിച്ചിട്ടില്ല.
2018ൽ ജനിതക പരിവർത്തനം വരുത്തിയ ഡിഡിജിഎസ് ഇറക്കുമതിക്ക് ജിഇഎസി കരട് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. 2025ൽ ഡോ. ലളിത ഗൗഡയുടെ നേതൃത്വത്തിലുള്ള ഉപസമിതി ഈ മാർഗനിർദേശങ്ങൾ പരിഷ്കരിച്ചു. എന്നാൽ, ജിഎം വിളകൾ സംബന്ധിച്ച ഇന്ത്യയുടെ കർശന നടപടികൾ തീരുവേതര വ്യാപാര തടസമാണെന്നാണ് അമേരിക്കയുടെ നിലപാട്. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യ ഇപ്പോൾ അമേരിക്കൻ ഡിഡിജിഎസ് ഇറക്കുമതിക്ക് വഴങ്ങിയിരിക്കുന്നത്.
ഇത് ഭാവിയിൽ അമേരിക്കയിൽനിന്നു വൻതോതിൽ സോയാപ്പയർ, മക്കച്ചോളം എന്നിവ ഉൾപ്പെടെ ജിഎം ഭക്ഷ്യോത്പന്ന ഇറക്കുമതിക്കു വാതിൽ തുറക്കുമെന്നാണ് കർഷക സംഘടനകളുടെ ആശങ്ക. ഭക്ഷ്യ എണ്ണ സംസ്കരണത്തിൽ ഉത്പാദിപ്പിക്കുന്ന വിവിധ തരം പിണ്ണാക്കുകളും മക്കച്ചോളവും ആഭ്യന്തരവിപണിയിൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ എത്തനോൾ ഉത്പാദനത്തിൽനിന്ന് ഉപോത്പന്നമായി ഡിഡിജിഎസ് വൻതോതിൽ ലഭ്യമാണ്. സോയാപ്പയറിനെ വൻതോതിലുള്ള വിലത്തകർച്ചയിൽനിന്നു സംരക്ഷിച്ചു നിർത്തുന്നത് കാലിത്തീറ്റയായി ഉപയോഗിക്കുന്ന സോയാമീലാണ്. അമേരിക്കൻ ഡിഡിജിഎസ് ഇറക്കുമതി ഈ മേഖലകളെ തകർക്കും.
രാജ്യത്ത് 170 ലക്ഷം കർഷകരാണ് മക്കച്ചോളം കൃഷി ചെയ്യുന്നത്. കരാർ പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ കാലിത്തീറ്റയുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കുന്ന മക്കച്ചോളത്തിന്റെ വിപണിവില തമിഴ്നാട്ടിലും കർണാടകത്തിലും അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ഇന്ത്യൻ ക്ഷീരോത്പാദന മേഖലയെ അമേരിക്കൻ കാലിത്തീറ്റയുമായി ബന്ധിപ്പിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കർഷകർക്ക് ആശങ്കയുണ്ട്.
(തുടരും)