International
ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ ഇന്ത്യൻ വംശജനായ ചന്ദൻകുമാർ രാജ നന്ദകുമാർ (37) അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു.
തിരക്കേറിയ ഷോപ്പിംഗ് സെന്ററിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഐടി പ്രഫഷണലായ നന്ദകുമാർ കർണാടക സ്വദേശിയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
NRI
ന്യൂജഴ്സി: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ യുഎസിൽ അറസ്റ്റിൽ. ഹിൽസ്ബറോയിലെ വസതിയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി നടരാജനെ (35) പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിൽ കിടക്കുന്ന മക്കളെ കണ്ടത്. തുടർന്ന് ഇദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഷെൽ കോർട്ടിലെ വീട്ടിലെത്തിയ പോലീസ് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി പിടിയിലായത്.
ഇവരെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
NRI
ഇലിനോയ്: സെനറ്റിൽ നിന്നും വിരമിക്കുന്ന സെനറ്റർ ഡിക് ഡർബിന് പകരക്കാരനെ കണ്ടെത്താനുള്ള ഇലിനോയി ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിക്ക് വ്യക്തമായ മുന്നേറ്റമെന്ന് പുതിയ പോളിങ് ഫലങ്ങൾ.
എമേഴ്സൺ കോളജും ഡബ്ല്യുജിഎൻ ടിവിയും സംയുക്തമായി നടത്തിയ സർവേയിലാണ് അദ്ദേഹം തന്റെ എതിരാളികളെക്കാൾ ഏറെ മുന്നിലെത്തിയത്. 31 ശതമാനം വോട്ടർമാരുടെ പിന്തുണയോടെയാണ് കൃഷ്ണമൂർത്തി ഒന്നാമതെത്തിയത്.
ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ (10 ശതമാനം), പ്രതിനിധി റോബിൻ കെല്ലി (എട്ട് ശതമാനം) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. പ്രൈമറി തെരഞ്ഞെടുപ്പിന് മൂന്ന് മാസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ, 46 ശതമാനം വോട്ടർമാരും ആർക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
50 വയസിന് മുകളിലുള്ളവരിലും പുരുഷ വോട്ടർമാരിലുമാണ് കൃഷ്ണമൂർത്തിക്ക് കൂടുതൽ സ്വാധീനമുള്ളത് (ഏകദേശം 41 - 42 ശതമാനം). എന്നാൽ വനിതാ വോട്ടർമാരിൽ പകുതിയോളം പേർ ഇപ്പോഴും ആരെ പിന്തുണയ്ക്കണം എന്നതിൽ അനിശ്ചിതത്വത്തിലാണ്.
ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനമായതിനാൽ പ്രൈമറിയിൽ വിജയിക്കുന്ന സ്ഥാനാർഥിക്ക് സെനറ്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലും അനായാസ വിജയം നേടാനാകുമെന്നാണ് വിലയിരുത്തൽ.
NRI
കലിഫോര്‍ണിയ: അബോധാവസ്ഥയിലായ യുവതിയെ ടാക്സിക്കുള്ളില്വച്ച് പീഡിപ്പിച്ച ഡ്രൈവറായ ഇന്ത്യന്‍ വംശജന് പിടിയില്‍. മുപ്പത്തിയൊന്നുകാരനായ സിമ്രന്‍ജിത് സിംഗ് ശേഖണിനെയാണ് കലിഫോര്‍ണിയ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു. നവംബര്‍ 27ന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. 21 വയസുള്ള യുവതി തൗസന്റ് ഓക്ക്സിലുള്ള ബാറില്‍നിന്നാണ് ടാക്സിയില്‍ കയറിയത്. അമിതമായി മദ്യപിച്ചിരുന്ന യുവതി അല്പസമയത്തിനുള്ളില് അബോധാവസ്ഥയിലായി.
ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു പകരം യുവതിയെ ടാക്സിക്കുള്ളില്വച്ച് ശേഖണ്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
NRI
മെല്‍ബണ്‍: ഓസ്ട്രേലിയയിൽ ഇന്ത്യന്‍ വംശജനെ കൗമാരക്കാരായ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. തോളിലും പുറത്തും കുത്തേറ്റ സൗരഭ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കഴിഞ്ഞ 19നായിരുന്നു സംഭവം.
മെല്‍ബണിലെ അല്റ്റോണ മെഡോസ് സബര്‍ബിലുള്ള ഒരു ഷോപ്പിംഗ് സെന്ററിനു പുറത്തുവച്ചായിരുന്നു ആക്രമണം. മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മോഷണത്തിനിടെയുള്ള ആക്രമണമാണെന്നാണ് റിപ്പോർട്ട്.
അക്രമികൾ സൗരഭിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.