ഫുട്ബോൾ ഇതിഹാസം ലയണൽ മെസി പങ്കെടുത്ത "ഗോട്ട് ടൂർ 2025'ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയത് നിരാശയുടെയും കലാപത്തിന്റെയും കറുത്ത ഏടുകളാണ്.
കഴിഞ്ഞ ശനിയാഴ്ച നടന്ന പരിപാടിയിൽ ആരാധകരെ കാണാൻ മെസി എത്തുമെന്ന പ്രതീക്ഷയിൽ വൻ തുക മുടക്കി ടിക്കറ്റെടുത്തവർക്ക്, താരം പ്രതീക്ഷിച്ചതിലും നേരത്തെ വേദി വിട്ടതോടെ ക്ഷമ നശിച്ചു.
ആരാധകർക്കിടയിലുണ്ടായ അനിയന്ത്രിതമായ രോഷം സ്റ്റേഡിയത്തെ യുദ്ധക്കളമാക്കി മാറ്റുകയായിരുന്നു. ലയണൽ മെസിയെ ഒരു നോക്ക് കാണാൻ സാധിക്കാതെ പോയതിലുള്ള അമർഷത്തിൽ അവർ കുപ്പികൾ വലിച്ചെറിയുകയും, ഇരിപ്പിടങ്ങൾ നശിപ്പിക്കുകയും, സ്റ്റേഡിയത്തിനുള്ളിലെ താത്കാലിക നിർമിതികൾ തകർക്കുകയും ചെയ്തു.
10,000 രൂപ വരെ മുടക്കിയ ടിക്കറ്റിന് പകരം വർഷം മുഴുവൻ കാണുന്ന രാഷ്ട്രീയ നേതാക്കളെ മാത്രമാണ് കാണാൻ സാധിച്ചതെന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ പ്രധാന വിമർശനം. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന വിചിത്രമായ സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായത്.
10,000 രൂപ നൽകി ടിക്കറ്റെടുത്ത ഒരാൾ സ്റ്റേഡിയത്തിലെ കാർപെറ്റിന്റെ ഒരു ഭാഗം ചുരുട്ടിയെടുത്ത് നടന്നുപോവുകയും, വീട്ടിൽ ഫുട്ബോൾ പരിശീലനത്തിനായി ഇത് ഉപയോഗിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
പിന്നാലെ മെസിയുടെ ജേഴ്സിയണിഞ്ഞ മറ്റൊരാൾ, "ഭാര്യക്ക് സമ്മാനിക്കാൻ' എന്ന് പറഞ്ഞുകൊണ്ട് സ്റ്റേഡിയത്തിൽ വെച്ചിരുന്ന രണ്ട് പൂച്ചട്ടികൾ എടുത്തുമാറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ടിക്കറ്റിനായി ആയിരങ്ങളും ലക്ഷങ്ങളും മുടക്കിയ പലർക്കും മെസിയെ കാണാൻ സാധിക്കാതെ മടങ്ങേണ്ടി വന്നതിലെ കടുത്ത നിരാശ, സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ പ്രകടമായിരുന്നു.
കൊൽക്കത്തയിലെ ഈ അലങ്കോലങ്ങൾക്ക് ശേഷം ടൂറിന്റെ അടുത്ത വേദി ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയമായിരുന്നു. എന്നാൽ ഇവിടത്തെ കാഴ്ച തികച്ചും വ്യത്യസ്തമായിരുന്നു.
വ്യക്തമായ ആസൂത്രണവും മികച്ച സംഘാടനവും കാരണം ഹൈദരാബാദിൽ പരിപാടി ശാന്തമായും ചിട്ടയായും നടന്നു. മെസി തന്റെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരുമായി കളിക്കളത്തിൽ എളുപ്പത്തിൽ പന്തു കൈമാറുന്ന ദൃശ്യങ്ങൾ ആരാധകർക്ക് ആശ്വാസമായി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയും ചടങ്ങിൽ പങ്കെടുത്തു. ഇതോടെ, കൊൽക്കത്തയിലെയും ഹൈദരാബാദിലെയും സംഘാടനങ്ങൾ താരതമ്യം ചെയ്തുകൊണ്ട് നിരവധി പേർ ഹൈദരാബാദ് അധികൃതരെ അഭിനന്ദിച്ച് രംഗത്തെത്തി.