ആഗ്രയിലെ താജ്മഹൽ സന്ദർശിക്കാനെത്തിയ അർജന്റീന സ്വദേശിനിയായ വിനോദസഞ്ചാരിയെ സാരി ധരിക്കാൻ സഹായിച്ച ഉത്തർപ്രദേശ് വനിതാ പോലീസ് കോൺസ്റ്റബിളിന്റെ സ്നേഹപൂർവ്വമായ ഇടപെടൽ സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ നേടുന്നു.
ഇന്ത്യൻ സംസ്കാരത്തോടുള്ള താല്പര്യം കാരണം പരമ്പരാഗത വസ്ത്രമായ സാരി ധരിച്ചാണ് വിദേശ വനിത എത്തിയതെങ്കിലും, അത് ശരിയായി കൈകാര്യം ചെയ്യാൻ അറിയാതെ അവർ ബുദ്ധിമുട്ടുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട താജ് സെക്യൂരിറ്റി വിഭാഗത്തിലെ കോൺസ്റ്റബിൾ ഗുഡ്ഡി ദേവി ഒട്ടും മടിക്കാതെ അവരുടെ അടുത്തെത്തി സാരി കൃത്യമായ രീതിയിൽ ഉടുപ്പിച്ചു നൽകി. ഈ സഹായത്തിന് നന്ദി പറഞ്ഞ വിദേശ വനിത ഉദ്യോഗസ്ഥയ്ക്കൊപ്പം ചിത്രവും പകർത്തി.
യുപി പോലീസ് ഈ ചിത്രം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഔദ്യോഗിക ചുമതലകൾക്കപ്പുറം 'അതിഥി ദേവോ ഭവഃ' എന്ന ഭാരതീയ സങ്കല്പം ഉയർത്തിപ്പിടിച്ച വനിതാ പോലീസിന്റെ പ്രവൃത്തിയെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.