ടെഹ്‌റാൻ: അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ. പരമോന്നത നേതാവിന്‍റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഈ നിർണായക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പേർഷ്യൻ ഗൾഫിൽ നിന്നും ഹോർമുസ് കടലിടുക്കിലേക്കും ചെങ്കടലിലേക്കും നിലവിലുള്ള സംഘർഷം വ്യാപിച്ച പശ്ചാത്തലത്തിലാണ് സഫാവിയുടെ ഈ പരാമർശം. അമേരിക്കയുടെ ഭാഗത്തുനിന്ന് സമാനമായ നീക്കങ്ങളുണ്ടായാൽ തിരിച്ചടിയുടെ ഭൂമിശാസ്ത്രപരമായ പരിധി കൂടുതൽ വികസിപ്പിക്കുമെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമാക്കുകയുണ്ടായി.
മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യവും താൽപര്യങ്ങളും ലക്ഷ്യമാക്കി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം, അമേരിക്ക ഇനിയും ആക്രമണത്തിന് മുതിർന്നാൽ പ്രതിരോധ തന്ത്രങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.