മുംബൈ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് രാജകുമാരൻ വില്യമിനും പത്നി കെയ്റ്റ് മിഡിൽടണിനും മുംബൈ നഗരത്തിൽ വൻ വരവേല്പ്. പതിവ് ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം മുംബൈയുടെ പ്രാദേശികജീവിതവും തെരുവോര രുചികളും അടുത്തറിയാൻ രാജദമ്പതികൾക്കു വഴികാട്ടിയായത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണ്.
ഇന്നു രാവിലെ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിൽ എത്തിയ വില്യമും കെയ്റ്റും സച്ചിനൊപ്പം നഗരവീഥികളിലൂടെ നടന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫോട്ടോഗ്രഫി ഹാമിൽട്ടൺ സ്റ്റുഡിയോയ്ക്കു പുറത്ത് സച്ചിനൊപ്പം പ്രത്യക്ഷപ്പെട്ട ദമ്പതികൾ, തുടർന്ന് മുംബൈയുടെ തനത് വഴിയോര തട്ടുകട ഭക്ഷണം രുചിച്ചുനോക്കുകയും പ്രാദേശിക യുവാക്കൾക്കൊപ്പം "ഗള്ളി ക്രിക്കറ്റ്' കളിക്കുകയും ചെയ്തു.
2016 ഏപ്രിലിൽ ആദ്യമായി ഇന്ത്യയിലെത്തിയപ്പോഴും മുംബൈയിലെ കുട്ടികൾക്കൊപ്പം ഇരുവരും ക്രിക്കറ്റ് കളിച്ചിരുന്നു. ഒരു പതിറ്റാണ്ടിനുശേഷം സച്ചിനൊപ്പം വീണ്ടും മുംബൈയുടെ ക്രിക്കറ്റ് ആവേശത്തിൽ പങ്കുചേരാൻ കഴിഞ്ഞത് സന്ദർശനത്തിന് വേറിട്ട അനുഭവമായി.
എത്തിയത് 'എർത്ത്ഷോട്ട് പ്രൈസ്' ചടങ്ങിന്
വില്യം രാജകുമാരൻ 2020ൽ സ്ഥാപിച്ച "എർത്ത്ഷോട്ട് പ്രൈസ്' പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനാണു രാജദമ്പതികൾ പ്രധാനമായും ഇന്ത്യയിലെത്തിയത്. ആഗോള പാരിസ്ഥിതിക പ്രശ്നങ്ങൾക്കു നൂതന പരിഹാരങ്ങൾ കണ്ടെത്തുന്ന അഞ്ചു വിജയികൾക്ക് 10 ലക്ഷം പൗണ്ട് (ഏകദേശം 1.32 ദശലക്ഷം ഡോളർ) വീതമാണു പുരസ്കാരമായി നൽകുന്നത്. നാളെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബോളിവുഡ് താരം ആലിയ ഭട്ട് ഉൾപ്പടെയുള്ള പ്രമുഖരും ബ്രിട്ടീഷ് പോപ്പ് ബാൻഡായ "ടേക്ക് ദാറ്റും' പങ്കെടുക്കും.
ഇതിനുപുറമെ മുംബൈ മെട്രോ റെയിലിൽ യാത്ര ചെയ്യാനും ബോളിവുഡ് താരങ്ങളുമായി സംവദിക്കാനും ദമ്പതികൾക്ക് പദ്ധതിയുണ്ട്. ശുദ്ധമായ ഊർജം, സുസ്ഥിര ഗതാഗതം, വ്യാപാരം എന്നീ മേഖലകളിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഈ സന്ദർശനം ലക്ഷ്യമിടുന്നു. ബുധനാഴ്ച ന്യൂഡൽഹിയിലെത്തുന്ന വില്യമും കെയ്റ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതോടെ മൂന്നു ദിവസത്തെ സന്ദർശനത്തിന് സമാപനമാകും.
കെയ്റ്റ് രാജകുമാരിയുടെ പ്രധാന വിദേശയാത്ര
2024ൽ അർബുദ ബാധയെത്തുടർന്ന് കീമോതെറാപ്പി ചികിത്സയ്ക്കു വിധേയയായശേഷം കെയ്റ്റ് രാജകുമാരി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വിദേശ സന്ദർശനമാണിത്. ചികിത്സയ്ക്കുശേഷം പൊതുപരിപാടികൾ കുറച്ചിരുന്ന കെയ്റ്റ്, കഴിഞ്ഞ മേയിൽ ഇറ്റലിയിലേക്കു നടത്തിയ രണ്ടു ദിവസത്തെ യാത്രയൊഴികെ വില്യമിനൊപ്പമുള്ള വിദേശ പര്യടനങ്ങളിൽ പങ്കെടുത്തിരുന്നില്ല. രോഗമുക്തി നേടി പൊതുരംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്ന കെയ്റ്റിന് മുംബൈയിൽ വലിയ സ്വീകരണമാണു ലഭിക്കുന്നത്.