കാഠ്മണ്ഡു: നേപ്പാളിലെ ഷെ–ഫോക്സുന്തോ ദേശീയോദ്യാനത്തിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കുടുങ്ങിയ ആറ് ഇന്ത്യൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.
രണ്ടു സ്ത്രീകളും നാലു പുരുഷന്മാരുമടങ്ങുന്ന സംഘത്തെ സ്വകാര്യ ഹെലികോപ്റ്ററിലാണു രക്ഷപ്പെടുത്തിയതെന്നും ദുനെയിലുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലിസ് അറിയിച്ചു.
കാഠ്മണ്ഡുവിൽനിന്ന് ഏകദേശം 300 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ഷെ ഫോക്സുന്തോ ഗ്രാമസഭയിലെ എട്ടാം വാർഡിലുള്ള ധോ മേഖലയിലേക്കാണ് വിനോദസഞ്ചാരികൾ പോയത്. നവംബർ ഒന്നുമുതൽ ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നതായി ദോൽപ ജില്ലാ ചീഫ് ഓഫീസർ ജുനു ധക്കൽ പറഞ്ഞു.
നേപ്പാളിലെ ഏറ്റവും ആഴമേറിയ തടാകമാണ് ഷെ ഫോക്സുന്തോ. സമുദ്രനിരപ്പിൽനിന്ന് 3,600 മീറ്റർ ഉയരത്തിലുള്ള തടാകത്തിന് 145 മീറ്റർ ആഴമുണ്ട്. തടാകം സന്ദർശിച്ച് മടങ്ങുന്നതിനിടെ ശനിയാഴ്ചയുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ നുംല, വാഗ്ല ചുരങ്ങൾക്കിടയിലാണ് സംഘം കുടുങ്ങിയത്.
ഞായറാഴ്ച സൈനിക ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തെത്തിയെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് ഇറങ്ങാനായില്ല. ഇതോടെ ദൗത്യം നിർത്തിവയ്ക്കുകയായിരുന്നു.
നേപ്പാളിലെ ഹിമാലയൻ മേഖലകളിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് വിനോദസഞ്ചാരികൾ കുടുങ്ങുന്നത് ഇതാദ്യമല്ല. 2025 ഒക്ടോബറിൽ ബ്രിട്ടീഷ് വനിതകളായ മൂന്നുപേരടക്കം 15 പേരെ ഹിഡൻ വാലിയിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു.