മസ്കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷത്തെ ന്യായീകരിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ. കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം സ്വന്തമാക്കിയ യുവതാരങ്ങൾക്ക് അത് ആഘോഷിക്കാനുള്ള പൂർണ അവകാശമുണ്ടെന്ന് സൈക്കിയ വ്യക്തമാക്കി. താരങ്ങളുടെ ആഘോഷം അവരുടെ പോരാട്ടവീര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രകടനമാണ്.
ശനിയാഴ്ച ഒമാനിൽ നടന്ന ഫൈനലിൽ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആവേശവിജയം. ഒരു ഘട്ടത്തിൽ മത്സരം ഇന്ത്യയുടെ കൈവിട്ടുപോകുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം വരെ പൊരുതിയാണ് ടീം വിജയം പിടിച്ചെടുത്തത്. തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചെത്തി നേടിയ ഈ വിജയത്തിന് ശേഷം താരങ്ങൾ വികാരങ്ങൾ പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നാണ് സൈക്കിയയുടെ നിലപാട്.
ഒരിക്കലും തോൽക്കാൻ മനസില്ലാത്ത അവരുടെ മനോഭാവത്തെയാണ് ഈ ആഘോഷം സൂചിപ്പിക്കുന്നത്. ഇത്രയും പ്രയാസകരമായ സാഹചര്യത്തിൽ നിന്ന് ഒരു മത്സരം ജയിക്കുമ്പോൾ അവർ തീർച്ചയായും ആഘോഷിക്കാൻ അർഹരാണ്. അതിന് അവരെ അനുവദിക്കണമെന്നും സൈക്കിയ കൂട്ടിച്ചേർത്തു. വിജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ മൈതാനത്തേക്ക് ഓടിയിറങ്ങുകയും മോഹിത് ഉൽവ ദേശീയ പതാക പുതച്ച് ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആഘോഷത്തിനിടെ ചില ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ഹംസ സഹൂറിനും സഹതാരങ്ങൾക്കും നേരെ പ്രകോപനരമായ ആംഗ്യങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ താരങ്ങളുടെ ആഘോഷങ്ങളെ ടീമിന്റെ പോരാട്ടവീര്യത്തിന്റെ പ്രകടനമായി മാത്രമാണ് കാണുന്നതെന്ന് ബിസിസിഐ സെക്രട്ടറി പറഞ്ഞു.