തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനം കടുത്ത ചൂടിലേക്കും വരണ്ട കാലാവസ്ഥയിലേക്കും നീങ്ങുന്നതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.മഴ ഗണ്യമായി കുറഞ്ഞതോടെ ഇന്നലെ വരെ സംസ്ഥാനത്ത് 24 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
പകുതിയോളം ജില്ലകൾ ഇപ്പോഴും മഴക്കുറവിന്റെ പിടിയിലാണ്. വയനാട് ജില്ലയിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. 52 ശതമാനം മഴക്കുറവാണ് ഇന്നലെ വരെ ജില്ലയിൽ രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 45 ശതമാനവും കൊല്ലത്ത് 32 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ പാലക്കാട്, തൃശൂർ ജില്ലകളിൽ മഴക്കുറവ് 25 ശതമാനമായി ഉയർന്നു.
ഇക്കുറി കാലവർഷത്തിൽ ഒരു ജില്ലയിലും ശരാശരി മഴ ലഭിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത ഒരാഴ്ചത്തേക്കുള്ള മഴപ്രവചനത്തിലും കാര്യങ്ങൾ കേരളത്തിന് അനുകൂലമല്ല.
ഏതാണ്ട് വരണ്ട കാലാവസ്ഥയാണ് സംസ്ഥാനത്തിന്റെ പല മേഖലകളിലും ദിവസങ്ങളായി തുടരുന്നത്.
കാലവർഷം അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ കാർഷിക, വൈദ്യുതി മേഖലകളും പ്രതിസന്ധിയിലായി.