Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndigoFlight

ഇന്‍ഡിഗോ വിമാനത്തിലെ ആക്രമണം: ഇ.പി. ജയരാജനെതിരെയുള്ള പരാതിയിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍വച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്‍ തങ്ങളെ ആക്രമിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയില്‍ തുടരന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക.

ഇതുവരെ വലിയതുറ സിഐയുടെ നേതൃത്വത്തിലായിരുന്നു കേസിന്‍റെ നടപടികൾ പുരോഗമിച്ചിരുന്നത്. എന്നാൽ അന്വേഷണം വേഗത്തിലാക്കാനും സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്ന് പരാതിക്കാരനായ ഫര്‍സീന്‍ മജീദ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവി തീരുമാനമെടുത്തത്.

വിമാനത്തിനുള്ളിൽവച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തിനിടെയാണ് ഇ.പി. ജയരാജൻ തങ്ങളെ മർദ്ദിച്ചതായി ആരോപിച്ച് ഫര്‍സീന്‍ മജീദ് പരാതി നൽകിയത്. തുടക്കത്തിൽ പോലീസ് കേസെടുക്കാൻ തയാറായിരുന്നില്ലെങ്കിലും, പരാതിക്കാരൻ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവായത്.

തുടർന്ന് കേസിലെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.

Latest News

Corehub Up