തിരുവല്ല: വെള്ളക്കെട്ടിൽ മുങ്ങിത്താഴ്ന്ന 65കാരിക്ക് രക്ഷകരായി അഭിനവും സുനീഷും. തിരുവല്ല കിഴക്കുമുറി വാഴയിൽ പടിയ്ക്കൽ ഇന്ദിരാമ്മയ്ക്കാണ് ഇരുവരും ചേർന്ന് പുനർജന്മം ഏകിയത്.
തുകലശേരി കളീക്കൽ സുഭാഷ് കുമാർ - സ്മിത ദമ്പതികളുടെ മകനായ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ കോളജ് ഓഡിയോളജി ആൻഡ് സ്പീച് കോഴ്സ് രണ്ടാം വർഷ വിദ്യാർഥിയായ അഭിനവ് (19 ), ബന്ധു തുകലശേരി കളീക്കൽ സുനീഷ് കുമാർ (36) എന്നിവരാണ് രക്ഷകരായത്.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ആയിരുന്നു സംഭവം. സ്വകാര്യ ആവശ്യത്തിനായി കിഴക്കമുറിയിൽപോയി തുകലശേരിയിലേക്കു കാറിൽ മടങ്ങവേ ആണ് ആളൊഴിഞ്ഞ പ്രദേശത്ത് വെള്ളക്കെട്ടിൽ മുങ്ങിത്താഴുന്ന ഇന്ദിരാമ്മയെ ഇരുവരും കണ്ടത്. ക്ഷേത്ര ആവശ്യത്തിനായുള്ള എരുക്ക് പറിക്കാൻ വെള്ളക്കെട്ടിൽ ഇറങ്ങിയ ഇന്ദിരാമ്മ മുങ്ങിത്താഴുകയായിരുന്നു.
ഇരുവരും കാണുമ്പോൾ ഇന്ദിരാമ്മയുടെ കൈകൾ മാത്രമാണ് വെള്ളക്കെട്ടിനു മുകളിൽ ഉണ്ടായിരുന്നത്. കാർ നിർത്തി ഉടനെ അഭിനവ് വെള്ളക്കെട്ടിലേക്ക് എടുത്തുചാടി. നീന്തിയെത്തിയ അഭിനവ് വെള്ളത്തിൽ മുങ്ങിത്താഴുകുകയായിരുന്ന വീട്ടമ്മയെ ചുമലിലേറ്റി പകുതി നീന്തിയെത്തി. തുടർന്ന് ബന്ധുവായ സുനീഷിന്റെകൂടി സഹായത്തോടെ കരയ്ക്ക് എത്തിക്കുകയായിരുന്നു.