മനില: ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് മേധാവിത്വം ചെറുക്കാനുള്ള ക്വാഡ് സഖ്യത്തിന്റെ യോഗം ഫിലിപ്പീൻസിലെ മനിലയിൽ ചൊവ്വാഴ്ച നടന്നേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ട്രംപ് എന്നിവർ പങ്കെടുക്കും. ജപ്പാൻ, ഓസ്ട്രേലിയ എന്നിവയാണു സഖ്യത്തിലെ മറ്റ് രണ്ടംഗങ്ങൾ.
രണ്ടു വർഷത്തിനുശേഷമാണ് ക്വാഡ് രാഷ്ട്രത്തലവന്മാർ യോഗം ചേരുന്നത്. ട്രംപ് ചൊവ്വാഴ്ച മനിലയിൽ വിമാനമിറങ്ങിയാലുടൻ ക്വാഡ് യോഗം ആരംഭിക്കുമെന്നാണു റിപ്പോർട്ട്. അതേസമയം, യോഗത്തിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ആസിയാൻ ഉച്ചകോടിക്കായിട്ടാണ് ട്രംപ് മനിലയിലെത്തുന്നത്. നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുക്കും.
അപൂർവ ധാതുവിഭവങ്ങളുടെ ലഭ്യതയായിരിക്കും ക്വാഡ് യോഗത്തിന്റെ പ്രധാന അജണ്ടയെന്നു സൂചനയുണ്ട്. നിലവിൽ ചൈനയാണ് ഈ വസ്തുക്കളുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത്.