കണ്ണൂർ: കൃത്രിമ റബർ, പാമോയിൽ, പാൽ ഉത്പന്നങ്ങൾ, മത്സ്യം, കോഴി പാർട്സ് തുടങ്ങിയവയുടെ ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കി വ്യാപകമായി ഇറക്കുമതി നടത്തി കോടിക്കണക്കിന് കർഷകരെ പ്രതിസന്ധിയിലാക്കുന്ന നിർദിഷ്ട ഇൻഡോ-യുഎസ് വ്യാപാര കരാർ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുഴുവൻ കർഷക സംഘടനകളും പ്രക്ഷോഭം ആരംഭിച്ചു. ഒന്നാംഘട്ടമെന്ന നിലയിൽ വിവിധ കളക്ടർമാർ വഴി പ്രധാനമന്ത്രിക്ക് നിവേദനം നൽകി. 15, 16 തീയതികളിൽ ഇന്ത്യയിലെ 380 കളക്ടറേറ്റുകൾ വഴിയാണ് പ്രധാനമന്ത്രിക്കും കൃഷി, വാണിജ്യ മന്ത്രിമാർക്കും നിവേദനം നൽകിയത്.
കണ്ണൂർ കളക്ടറുടെ അസാന്നിധ്യത്തിൽ പ്രധാനമന്ത്രിക്കുള്ള നിവേദനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.എൻ. പുരുഷോത്തമൻ വഴിയാണ് നൽകിയത്. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, കണ്ണൂർ ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ, സംസ്ഥാന ഭാരവാഹികളായ ജയിംസ് പന്ന്യാംമാക്കൽ, ഫാ. ഡിറ്റോ സെബാസ്റ്റ്യൻ, ജോസഫ് വടക്കേക്കര, ജില്ലാ ഭാരവാഹികളായ അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ഗർവാസിസ് കല്ലുവയൽ, ബിനോയ് ജോസഫ്, അമൽ കുര്യൻ, ജോയ് മലമേൽ, ജോയ് മണക്കുഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
തൃശൂർ ജില്ലയിൽ അഡ്വ. കെ.വി.ബിജു, എറണാകുളം ജില്ലയിൽ ഡോ. ജോസ്കുട്ടി ഒഴുകയിൽ, ഡോ. ബാബു ജോസഫ്, പാലക്കാട് ജോർജ് സിറിയക്, കോട്ടയത്ത് റോജർ സെബാസ്റ്റ്യൻ, തിരുവനന്തപുരത്ത് റോസ് ചന്ദ്രൻ, വയനാട് പി.ജെ.ജോൺ, ഇടുക്കിയിൽ അപ്പച്ചൻ ഇരുവേലിൽ, ഷാജി തുണ്ടത്തിൽ, കാസർഗോഡ് ഷാജി കാടമന, കൊല്ലത്ത് വി.വി. ജോസ്, ആലപ്പുഴയിൽ ഔസേപ്പച്ചൻ ചെറുകാട് തുടങ്ങിയവരും നേതൃത്വം നൽകി.