തിരുവനന്തപുരം: ബഹിരാകാശ, വ്യോമയാന, പ്രതിരോധ വ്യവസായങ്ങളുടെ പ്രമുഖ ലക്ഷ്യസ്ഥാനമായി കേരളത്തെ വികസിപ്പിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിന്‍റെ ബഹിരാകാശ വ്യാവസായിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി വ്യവസായ മേഖലയിലെ പ്രമുഖരുമായി തിരുവനന്തപുരത്ത് നടന്ന കൺസൾട്ടേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ-അക്കാദമിക് രംഗങ്ങൾ തമ്മിലുള്ള സഹകരണത്തിനും സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.
ബഹിരാകാശ-പ്രതിരോധ മേഖലകളിൽ കേരളത്തിനുള്ള വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർ പൂർണസജ്ജമാണ്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സാങ്കേതിക മുന്നേറ്റത്തിനുമായി ആവശ്യമായ എല്ലാ പിന്തുണയും നൽകും.
ഈ ദൗത്യം വിജയകരമായി കൈവരിക്കുന്നതിന് പുതിയ സംരംഭങ്ങൾക്കായുള്ള വിശദമായ നിർദേശങ്ങൾ ബന്ധപ്പെട്ട അധികൃതരും വ്യവസായ പ്രമുഖരും സമർപ്പിക്കണം. ലഭിക്കുന്ന എല്ലാ വിലയേറിയ നിർദേശങ്ങളും സർക്കാർ ഗൗരവമായി പരിശോധിക്കുകയും സമയബന്ധിതമായി നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.