ന്യൂഡൽഹി: ഇന്ത്യയിൽ അതിദാരിദ്ര്യത്തിൽ കഴിയുന്ന ജനങ്ങളുടെ എണ്ണത്തിൽ വൻ കുറവെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.
2011നും 2023നുമിടയിൽ രാജ്യത്തെ അതിദരിദ്രരുടെ അനുപാതം 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനത്തിലേക്ക് താഴ്ന്നു. ഈ കാലയളവിനുള്ളിൽ രാജ്യത്തെ 49.6 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റാൻ സാധിച്ചതായി ലോകബാങ്ക് പുറത്തുവിട്ട ദാരിദ്ര്യവും സാമൂഹികതുല്യതയും സംബന്ധിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകബാങ്കിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ ദാരിദ്ര്യരേഖാ സൂചികകളിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
പ്രതിദിനം മൂന്നു ഡോളറിൽ (ഏകദേശം 284 രൂപ) താഴെ വരുമാനമുള്ള അതിദരിദ്രരുടെ നിരക്ക് 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു.
പ്രതിദിനം 4.20 ഡോളറിൽ (ഏകദേശം 398.71 രൂപ) താഴെ സമ്പാദിക്കുന്ന താഴ്ന്ന മധ്യവർഗ ദാരിദ്ര്യരേഖയിലുള്ളവരുടെ നിരക്ക് 57.7 ശതമാനത്തിൽനിന്ന് 16.1 ശതമാനമായി കുറയ്ക്കാൻ സാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വരുമാന അസമത്വം
ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യം മുന്നേറുമ്പോഴും വരുമാന വർധനവിൽ വലിയ വിടവ് നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രതിദിനം 8.30 ഡോളറിന് (ഏകദേശം 787.98 രൂപ) മുകളിൽ സമ്പാദിക്കുന്നവരെയാണ് ലോകബാങ്ക് ‘ഉയർന്ന മധ്യവർഗ ദാരിദ്ര്യരേഖയ്ക്ക്’ മുകളിലുള്ളവരായി കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിലെ 79 ശതമാനത്തിലധികം (ഏകദേശം 80%) ജനങ്ങൾക്കും പ്രതിദിനം ഈ തുക സമ്പാദിക്കാൻ കഴിയുന്നില്ല.
ഉയർന്ന മധ്യവർഗ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ നിരക്ക് ആഗോളതലത്തിൽ 45.22 ശതമാനം മാത്രമായിരിക്കെയാണ് ഇന്ത്യയിൽ ഇത് 80 ശതമാനത്തോളമായി നിൽക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നവരും ഏറ്റവും കുറഞ്ഞ വരുമാനക്കാരുമായുള്ള സാമ്പത്തിക വിടവ് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. മേൽത്തട്ടിലുള്ള പത്തു ശതമാനം ജനങ്ങൾ, താഴെത്തട്ടിലുള്ള പത്തു ശതമാനം ജനങ്ങളെക്കാൾ 13 മടങ്ങ് അധികം വരുമാനം നേടുന്നുണ്ടെന്ന് ലോകബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.