Kerala
കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡെപ്പോസിറ്റ് ആണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ച്ബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി.
ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റി (കനവും നിനവും) ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച്ബിഷപ്.
ഏതു രാഷ്ട്രീയവുമായിക്കൊള്ളട്ടേ തങ്ങളുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കൊപ്പം നില്ക്കാന് കര്‍ഷകര്‍ തയാറാണ്. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതിപോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍ കൃഷി നിർത്തി ജയിലിലേക്കു പോകാന്‍ പ്രലോഭിക്കപ്പെടുകയാണ്. രാപകലില്ലാതെ കഷ്ടപ്പെടുന്ന കര്ഷകന് ഇവിടെ എങ്ങനെ ജീവിക്കുന്നുവെന്ന് ആര്‍ക്കും അറിയേണ്ട. കര്‍ഷകരുടെ വായ്പകളുടെ പലിശയിളവിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചിന്തിക്കുന്നില്ല. കടബാധ്യതകൊണ്ട് നടുവൊടിയുന്ന കര്ഷകന് സഹായഹസ്തം നീട്ടേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
നമ്മള് പറഞ്ഞ പല കാര്യങ്ങളും കേരള സര്‍ക്കാര്‍ പാസാക്കിയ വന്യജീവിസംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തി എന്നുള്ളതില്‍ സന്തോഷവും നന്ദിയുമുണ്ട്. റിസര്‍വ് ഭൂമി കണ്ടിട്ടില്ലാത്ത പന്നികളെ കാട്ടുപന്നി എന്നു വിളിക്കാന്‍ കഴിയില്ല. കര്‍ഷകന്റെ ഭൂമിയിലെ പന്നികള്‍ കര്‍ഷകന്റേതാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ വിവിധ പദ്ധതികളുണ്ട്. എന്നാല്‍, വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടിയില്ല. കള്ളിംഗ് നടപടികള്‍ കേരളത്തിലും വേണം.
റബറിന്റെ താങ്ങുവില കര്‍ഷകര്‍ക്കുള്ള താങ്ങ് മാത്രമാണ്. 300 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ കൃഷി നിര്‍ത്തേണ്ടിവരുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇൻഫാം നിർവഹിക്കുന്നത്ശ്രമകരമായ ദൗത്യം:ഡോ. എന്‍. ജയരാജ്
കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന ഒരു സംഘടന ഇന്‍ഫാം അല്ലാതെ വേറെയില്ലെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. ഇൻഫാം ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തുക എന്നതു വളരെ ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യമാണ് ഇന്‍ഫാം നിര്‍വഹിക്കുന്നത്. കമ്പോളസാഹചര്യങ്ങള് അറിഞ്ഞ് കൃഷിയെ ആധുനികവത്കരിക്കുകയും ലാഭവിഹിതം ലഭിക്കുവാന്‍ കര്‍ഷകര്‍ക്ക് കഴിയുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡോ.എന്‍. ജയരാജ് കൂട്ടിച്ചേര്‍ത്തു.
കർഷകർ ശക്തിപ്പെടേണ്ടത് അനിവാര്യം: മാര്‍ ജോസ് പുളിക്കല്‍
കര്‍ഷകരെ പലതരത്തിലും തമസ്കരിക്കുന്ന ഭരണസംവിധാനങ്ങളുള്ള സാഹചര്യത്തില്‍ കര്‍ഷകര്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പും ഇൻഫാം കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ഇനിയും വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ ഭരണസംവിധാനങ്ങള്‍ ഒരുങ്ങുന്നത് വേദനാജനകമാണ്. നാടിനെ അന്നമൂട്ടിയ കര്‍ഷകരെ കുടിയിറക്കുന്നത് സമകാലിക ചരിത്രത്തിന്റെ കറുത്ത അധ്യായമായി മാറുന്നു. കര്‍ഷകരുടെ സുരക്ഷയും സുസ്ഥിതിയും അവരുടെ വളർച്ചയുമാണ് ഇന്‍ഫാമിന്റെ രാഷ്ട്രീയം.
കര്‍ഷകരെ ആരു സംരക്ഷിക്കുന്നോ അവരോടൊപ്പം നില്ക്കേണ്ടിവരും. ഇന്‍ഫാം ഒരു വോട്ട് ബാങ്കായി മാറുമെന്നതില്‍ സംശയമില്ല. ഉപാധിരഹിത പട്ടയം നല്കാന് സര്‍ക്കാര്‍ തയാറാകണം. വന്യമൃഗശല്യം, വിലത്തകര്‍ച്ച, റബര്‍ വിലസ്ഥിരത എന്നിവയിലും നടപടികള്‍ വേണമെന്ന് മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു.
കർഷകരെക്കുറിച്ചുള്ള ശക്തമായ നിനവുകൾ ഭരണനേതൃത്വത്തിനുണ്ടാകണം:ഫാ. തോമസ് മറ്റമുണ്ടയിൽ
കര്‍ഷകന്റെ കനവുകള്‍ക്ക് നിറംപകരുക എന്നത് ഇന്‍ഫാമിന്റെ ലക്ഷ്യമാണെന്ന് ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. അതിനു നിറംപകരണമെങ്കില് കര്‍ഷകരെക്കുറിച്ചുള്ള ശക്തമായ നിനവുകള്‍ നേതൃത്വം നല്കുന്ന നേതാക്കള്‍ക്കുണ്ടാകണം. അത് ഒന്നോ രണ്ടോ നേതാക്കള്‍ക്കുണ്ടായാല്‍ പോരെന്നും ദേശീയതലം മുതല്‍ താഴെ യൂണിറ്റുതലം വരെയുള്ള നേതാക്കള്‍ക്ക് ഓര്‍മയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, കത്തീഡ്രല്‍ വികാരി റവ. ഡോ. കുര്യന് താമരശേരി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, ഇന്‍ഫാം കേരള നോര്‍ത്തേണ്‍ റീജൺ ഡയറക്ടര്‍ ഫാ. ജോ പെണ്ണാപറമ്പില്‍, ഇന്‍ഫാം സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ഇന്‍ഫാം മഹിളാസമാജ് സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): പരിസ്ഥിതിയുടെ സംരക്ഷകര്‍ കര്‍ഷകരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി എംപി.
ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ കാര്‍ഷിക ജില്ലകളിലെ 75 വയസ് കഴിഞ്ഞ കര്‍ഷകരെ ആദരിക്കുന്ന വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്കാര ചടങ്ങ് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
വന്യമൃഗസംരക്ഷണ നിയമം വന്നപ്പോള്‍ മനുഷ്യരെ മറന്നു. 54 ശതമാനം വനാവരണം മാത്രമുള്ള കേരളത്തില്‍ 30.6 ശതമാനം മാത്രമേ കൃഷി ചെയ്യാന്‍ ഉള്ളു. കേരളത്തെ കേരളമാക്കി മാറ്റിയത് കര്‍ഷകരാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവർ: മാര്‍ തോമസ് തറയില്‍
കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്‍ന്ന കര്‍ഷകരെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പും ചങ്ങനാശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍ പറഞ്ഞു. കേരളത്തില്‍ കൃഷി ചെയ്യാന്‍ യുവകര്‍ഷകര്‍ക്ക് ധൈര്യമില്ല. കൃഷി ആദായകരമാക്കാന്‍ സര്‍ക്കാരുകള്‍ക്കോ ഭരിക്കുന്നവര്‍ക്കോ കഴിയുന്നില്ല.
ഇതുകൊണ്ടാണ് യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കര്‍ഷകര്‍.
വരുമാനമില്ലെങ്കിലും സ്ഥലം ഉള്ളതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് ആനുകുല്യങ്ങള്‍ നഷ്ടപ്പെടുന്നു.കൃഷി ലാഭകരമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ആലോചിച്ച് പദ്ധതികള്‍ തയാറാക്കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ സംരക്ഷിക്കണം:തോമസ് മാര്‍ കൂറിലോസ്
കര്‍ഷകരെ സംരക്ഷിച്ച് വേണ്ട പ്രോത്സാഹനം നല്കി ഭക്ഷ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് തിരുവല്ല ആര്‍ച്ച്ബിഷപ്പും തിരുവല്ല കാര്ഷികജില്ലാരക്ഷാധികാരിയുമായ തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വിളകള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. കര്‍ഷകര്‍ ചെയ്യുന്ന ജോലിക്ക് വേണ്ട പരിഗണന നല്‍കണമെന്നും തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.
ചേര്‍ത്തു പിടിക്കുന്നവർക്ക് കര്‍ഷകര്‍ വോട്ടു ചെയ്യും: മാര്‍ ജോസ് പുളിക്കല്‍
കര്‍ഷകരെ ആരു ചേര്‍ത്തു പിടിക്കുന്നുവോ അവര്‍ക്ക് കര്‍ഷകര്‍ വോട്ടു ചെയ്യുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി ബിഷപ്പും കാഞ്ഞിരപ്പള്ളി കാർഷിജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകര്‍ അവഗണിക്കപ്പെടുന്നതിന് കാരണം അവര്‍ക്ക് ശബ്ദമില്ലാത്തതാണ്. എന്നാല്‍, ഇനി അങ്ങനെയായിരിക്കില്ല.
സര്‍ക്കാര്‍ സംവിധാനങ്ങളാണ് കര്‍ഷകരെ ചേര്‍ത്തു പിടിക്കേണ്ടത്. ഭൂമി വനവത്കരിക്കുന്നതിന്റെ പ്രശ്നങ്ങള്‍ കര്‍ഷകര്‍ക്കുണ്ട്. ഇതില്‍ നിയമഭേദഗതികള്‍ ആവശ്യമാണ്. അതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിക്കണം. കര്‍ഷകര്‍ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളവരാണെന്നും കര്‍ഷകരെ ഒരു കുടക്കീഴില് അണിനിരത്താന്‍ ഇന്‍ഫാമിന് കഴിഞ്ഞുവെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാമിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം:മാര്‍ മാത്യു അറയ്ക്കല്‍
ഒരു ജനതയുടെവികസന വഴികളില്‍ ഇന്‍ഫാം സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
അവാര്‍ഡുകള്‍ കർഷകരെ ആദരിക്കുന്നതിനുവേണ്ടി: ഫാ. തോമസ് മറ്റമുണ്ടയില്‍
കര്‍ഷകരുടെ ജീവിതാന്തസ് ഉയര്‍ത്തുന്നതിനും കൃഷിയെയും അനുബന്ധ കൃഷികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് വിവിധങ്ങളായ അവാര്‍ഡുകള്‍ ഇന്‍ഫാം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്‍ഫാം സഹരക്ഷാധികാരിയുമായ റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചങ്ങനാശേരി കാര്‍ഷികജില്ലാ ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, തിരുവല്ല കാര്‍ഷികജില്ലാ ഡയറക്ടര്‍ ഫാ. ബിനീഷ് സൈമണ്‍ കാഞ്ഞിരത്തുങ്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാമിന്റെ കേരളത്തിലെ വിവിധ കാര്ഷികജില്ലകളില്നിന്നുള്ള 75 വയസ് കഴിഞ്ഞ മണ്ണില്‍ പൊന്നു വിളയിച്ച 921 കര്‍ഷകര്‍ക്കാണ് മെമന്റോ, തലപ്പാവ്, മറ്റ് സമ്മാനങ്ങള്‍ എന്നിവയടങ്ങിയ വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്കാരം ഇന്നലെ നല്‍കിയത്. യാത്ര ചെയ്തു വരാന്‍ സാധിക്കാത്ത 485 കര്‍ഷകരെ ഇന്‍ഫാം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ അവരുടെ വീടുകളിലെത്തി വരും ദിനങ്ങളില്‍ ആദരിക്കും.
Kerala
കട്ടപ്പന: ഉപാധിരഹിത പട്ടയമാണ് കര്‍ഷകര്‍ക്കു നല്‍കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ്ഹാളിലെ ഫാ. മാത്യു വടക്കേമുറി നഗറില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലിന്റെ വില കൂട്ടണമെന്ന് ആദ്യമായി നിയമസഭയില്‍ ആവശ്യപ്പെട്ട പ്രതിപക്ഷമാണ് ഇപ്പോഴത്തേത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദനച്ചിലവിനനുസരിച്ചാണ് കാര്‍ഷികോത്പന്നത്തിന്റെ തറവിലയും താങ്ങുവിലയും പ്രഖ്യാപിക്കേണ്ടത്. ആ സ്ഥിതിയിലേക്ക് കര്‍ഷകര്‍ക്ക് സുരക്ഷിതത്വമുണ്ടാക്കുന്ന മിനിമം സപ്പോര്‍ട്ട് പ്രൈസ് പ്രധാനപ്പെട്ട എല്ലാ കാര്‍ഷികവിളകള്‍ക്കും ഉണ്ടാകണം. ഇക്കാര്യത്തില്‍ വലിയ പോരാട്ടമാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ആ പോരാട്ടത്തിന് പൂര്‍ണമായ പിന്തുണ രജതജൂബിലി സമ്മളനത്തില്‍ പ്രഖ്യാപിക്കുന്നു. ഇന്‍ഫാം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ പ്രവൃത്തിപദത്തിലെത്തിക്കാന് കൂടെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ എന്നത് ഏതു രാജ്യത്തിന്റെയും നാടിന്റെയും സമ്പദ്ഘടനയുടെ അടിസ്ഥാനമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ ഇന്‍ഫാം ഇടപെട്ടു.
ഇന്‍ഫാം മുന്നോട്ടുവച്ച പല കര്‍ഷകപ്രശ്നങ്ങളിലും സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് കര്‍ഷകരെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇനിയും തീരാത്ത ഒരുപിടി പ്രശ്നങ്ങളുണ്ട്. പട്ടയപ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമത്തിന്റെ സാങ്കേതികക്കുരുക്ക് പറഞ്ഞ് നിശബ്ദരാകുന്ന സമീപനം പാടില്ല. ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തണം. നിയമാനുസൃതമായി ചെയ്യാവുന്ന പല കാര്യങ്ങളും അലംഭാവം കൂടാതെ പരിഹരിക്കാന്‍ സാധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികമേഖലയെ വന്യമൃഗങ്ങളില്‍നിന്നു സംരക്ഷിക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജനപ്രതിനിധികള്‍ അലംഭാവമില്ലാതെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമന്ന് ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇന്‍ഫാം അനേക കര്‍ഷകര്‍ക്ക് താങ്ങും തണലുമായിത്തീര്ന്നതായി അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മൈക്രോ ഇറിഗേഷന്‍ പ്രോജക്ട് നടപ്പിലാക്കുന്നതിനായി രണ്ടു കോടി രൂപ ഇന്‍ഫാം പറയുന്ന മേഖലയില്‍ നല്കാന് തയാറാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ഒരു മേഖലയില്‍ പരീക്ഷിച്ച് ഭാവിയില്‍ മറ്റു മേഖലകളിലേക്ക് ഗുണകരമാക്കാന്‍ പറ്റുമോയെന്നു ശ്രദ്ധിക്കാം. രണ്ടു മാസത്തിനുള്ളില്‍ അതിനാവശ്യമായ ഭരണാനുമതി നല്കാന് സാധിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കട്ടപ്പന മുനിസിപ്പല്‍ ചെയര്മാന് ജോയി വെട്ടിക്കുഴി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മംഗലത്തില്‍, തമിഴ്നാട് കാര്‍ഷിക ജില്ലാ പ്രസിഡന്റ് ആര്.കെ. ദാമോദരന്‍, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഓസാനാം സ്കൂള്‍ ഗ്രൗണ്ടില്‍നിന്നും സെന്റ് ജോര്‍ജ് സ്കൂള്‍ ഗ്രൗണ്ടില്‍നിന്നുമായി ആരംഭിച്ച കര്‍ഷക മഹാറാലിയില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കണ്ണൂര്‍, കോതമംഗലം, മാവേലിക്കര, പാറശാല, പുനലൂര്‍, തലശേരി, താമരശേരി, തിരുവല്ല കാര്‍ഷികജില്ലകളിലെ കര്‍ഷകര്‍ക്കു പുറമേ തമിഴ്നാട്, ഗുജറാത്ത്, ഗോവ, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടെ പതിനേഴായിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു.
കട്ടപ്പന: പാല്‍വില വര്‍ധിപ്പിച്ച് ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയിൽ.
ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദനച്ചെലവു പോലും കൂട്ടിമുട്ടാതെയാണ് ക്ഷീരമേഖല കടന്നുപോകുന്നത്. പാല്‍വില വര്‍ധിപ്പിച്ചു ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് ജനപ്രതിനിധികള്‍ സഹായിക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.