ന്യൂയോർക്ക്: ഓസ്ട്രേലിയൻ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലേക്ക് ഓപ്പൺ എഐ ഏജന്റ് നുഴഞ്ഞുകയറിയെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി ആന്തണി ആൽബനീസ്. സംഭവത്തിൽ അതിയായ ആശങ്കയുണ്ടെന്നും ഇക്കാര്യം ഏറെ വൈകിയാണ് എഐ കമ്പനി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘മെഡികെയർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിംഗ് സർവീസ്’ എന്ന പൊതുജനങ്ങൾക്ക് ലഭ്യമായ പോർട്ടലിലേക്ക് ഓപ്പൺ എഐ ഏജന്റ് നുഴഞ്ഞുകയറുകയായിരുന്നു.
ജൂലൈ 18നായിരുന്നു സംഭവം. ഒരു സർക്കാർ വെബ്സൈറ്റിൽ അനുമതിയില്ലാതെ എഐ ഏജന്റ് സ്വതന്ത്രമായി പ്രവേശിച്ചതായി വെളിപ്പെടുത്തപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ആരോഗ്യ ചെലവുകൾ, മരുന്ന് സബ്സിഡികൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റയാണ് പോർട്ടലിലുള്ളത്. വ്യക്തിഗത വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ആൽബനീസ് ന്യൂയോർക്കിലാണുള്ളത്. യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലുള്ള ഓപ്പൺ എഐ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാനുമായി സംസാരിച്ചശേഷമാണ് ആൽബനീസ് വെളിപ്പെടുത്തൽ നടത്തിയത്. ഈ സംഭവത്തിൽ ആശങ്ക അറിയിക്കാൻ ആൾട്ട്മാനുമായി സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് സർക്കാരിനെ അറിയിക്കാൻ കമ്പനി താമസിച്ചതിൽ അതൃപ്തിയും പ്രകടിപ്പിച്ചു; ആ വിവരം അറിയിച്ച രീതിയും അംഗീകരിക്കാനാവാത്തതായിരുന്നു- ആൽബനീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവതതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓപ്പൺ എഐക്കെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ കഴിയുമോയെന്ന് പരിശോധിക്കും. ഓപ്പൺഎഐ വെളിപ്പെടുത്തുന്നതിന് മുമ്പ് നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിൽ ഓസ്ട്രേലിയൻ സുരക്ഷാ ഏജൻസികൾ പരാജയപ്പെട്ടതെങ്ങനെയെന്നും അന്വേഷിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. സെപ്റ്റംബർ 10ന് ഓപ്പൺഎഐ ഇക്കാര്യം വെളിപ്പെടുത്തുന്നതുവരെ ഓസ്ട്രേലിയൻ സർക്കാർ നുഴഞ്ഞുകയറ്റം അറിഞ്ഞിരുന്നില്ല. ഓപ്പൺഎഐ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും, ആ സാഹചര്യം അംഗീകരിക്കാനാകാത്തതായിരുന്നെന്ന് ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു.
പൊതു മെഡിക്കൽ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പോർട്ടലില്‍ ഓപ്പൺഎഐയുടെ ഏജന്റ് അനധികൃതമായി കടന്നുകയറിയത്. പോര്‍ട്ടലിലെ ഫയര്‍വാളുകള്‍ തടസം സൃഷ്ടിച്ചെങ്കിലും പിന്മാറാൻ എഐ തയാറായില്ലെന്നതാണ് ഞെട്ടിക്കുന്ന വിവരം.
അനധികൃതമായി പോർട്ടലിൽ പ്രവേശിക്കുന്നത് വിലക്കുന്ന ശക്തമായ സുരക്ഷാ വിലക്കുകളുണ്ടായിരുന്നു. എന്നാൽ ‘നോ’ എന്ന മറുപടി അംഗീകരിക്കാൻ എഐ ഏജന്റ് തയാറായില്ല. സുരക്ഷാ മതിലുകൾ ഓരോന്നായി മറികടക്കാനുള്ള വഴി എഐ സ്വന്തമായി കണ്ടെത്തി അകത്തുകയറുകയായിരുന്നു.
അതിനോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നില്ല. അതാണ് ഞങ്ങളുടെ ആശങ്ക മാർലെസ് പറഞ്ഞു. എഐ സാങ്കേതികവിദ്യയെ നിയന്ത്രിച്ച് ലോകത്തെയും ജനങ്ങളെയും രക്ഷിക്കണമെന്ന് യുഎൻ സമ്മേളനത്തിൽ ലോകനേതാക്കളോട് ഓപ്പൺഎഐ മേധാവി ആൾട്ട്മാനുമാൻ ആവശ്യപ്പെട്ടിരുന്നു.
എഐ ടൂളുകൾ അപ്രതീക്ഷിതമായി വെബ്സൈറ്റുകളിലേക്കും ഓൺലൈൻ സേവനങ്ങളിലേക്കും കടന്നുകയറുന്ന നിരവധി സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണിത്.