മുംബൈ: കഴിഞ്ഞ രണ്ടു മാസങ്ങളിലായി 70,704 കോടി രൂപ പിൻവലിച്ചതിന് ശേഷം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐകൾ) നവംബറിലെ ആദ്യ ഒന്പത് ദിവസത്തിനുള്ളിൽ, ആകെ ആറു വ്യാപാര ദിനങ്ങളിൽ 53,739 കോടി രൂപയാണ് ഇന്ത്യൻ വിപണിയിലേക്ക് ഒഴുക്കിയത്.
2024 സെപ്റ്റംബറിന് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നടത്തുന്ന ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. അന്ന് 57,724 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് ഇവർ വാങ്ങിയിരുന്നത്.
ഡിപ്പോസിറ്ററികളിൽനിന്നുള്ള ഡാറ്റ പ്രകാരം, ഒക്ടോബറിലെ 34,843 കോടി രൂപയുടെയും സെപ്റ്റംബറിലെ 35,861 കോടി രൂപയുടെയും പിൻവലിക്കലിന് ശേഷമാണ് ഈ പുതിയ നിക്ഷേപം എത്തുന്നത്.
നിർമിത ബുദ്ധി (എഐ) മേഖലയിലെ ട്രില്യണ് ഡോളറിന്റെ നിക്ഷേപ വാഗ്ദാനങ്ങളെക്കുറിച്ച് യുഎസിൽ ഉയർന്നുവന്ന ആശങ്കകളുടെ സമയത്താണ് വിദേശ നിക്ഷേപകരുടെ ഈ ശക്തമായ വാങ്ങൽ നടക്കുന്നത്. എണ്ണവിലയിലെ ചാഞ്ചാട്ടം കാരണം ഫെഡറൽ റിസർവും മറ്റ് കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതരാകുന്നത് ഇത്തരം നിക്ഷേപങ്ങൾ ഒടുവിൽ തൃപ്തികരമായ ലാഭം നൽകുമോ എന്ന ചോദ്യമുയർത്തുന്നു. ഇതിനുപുറമേ, യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങളും എഐ നയിക്കുന്ന ഇത്തരം നിക്ഷേപങ്ങൾക്ക് വിരാമമിടുമെന്ന പ്രതീക്ഷകൾ വർധിപ്പിച്ചു.
ആഗോള വിപണികളിൽ എഐ മേഖല കേന്ദ്രീകരിച്ചുണ്ടായ വിറ്റഴിക്കൽ, ഇന്ത്യയിലെ ശക്തമായ കന്പനി ലാഭ വളർച്ച, പ്രമുഖ കന്പനികളുടെ ആകർഷകമായ ഓഹരി മൂല്യം എന്നിവയാണ്് വിദേശ നിക്ഷേപകരെ വീണ്ടും വാങ്ങലുകാരായി മാറ്റിയത്.
എഐ ഇതര വിപണിയായി പൊതുവെ കണക്കാക്കപ്പെടുന്ന ഇന്ത്യ, എഐ മേഖലയിലെ വിറ്റഴിക്കലിനെ തുടർന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമായ ഒരു നിക്ഷേപ കേന്ദ്രമായി മാറി.
2026-ൽ ഇന്ത്യൻ ഓഹരികളിൽ നിന്നുള്ള എഫ്പിഐകളുടെ മൊത്തം പിൻവലിക്കൽ 2.41 ലക്ഷം കോടി രൂപയിലെത്തി.