തിരുവനന്തപുരം: കടുംപിടിത്തത്തിൽനിന്ന് അയഞ്ഞ് പിഎസ്സി. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്ന നിലപാടിലേക്കു പിഎസ്സി വഴങ്ങി. നിയമനക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ പിഎസ്സി അധികൃതർ കൈമാറി. ചോദ്യപേപ്പർ, ഉത്തരകടലാസ്, അഭിമുഖം നടത്തിയവരുടെ പേരുകൾ അടങ്ങിയ പട്ടിക, ഒഎസ്എം രേഖകൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു കൈമാറിയത്. നേരത്തെ ഈ രേഖകൾ ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് സംഘം പിഎസ്സിക്ക് കത്തു നൽകിയിരുന്നു.
ഈ രേഖകൾ ആവശ്യപ്പെട്ടു പരാതിക്കാരനായ ഉദ്യോഗാർഥി പിഎസ്സിയെ സമീപിച്ചെങ്കിലും അതു നൽകാനാകില്ലെന്ന നിലപാടാണ് പിഎസ്സി സ്വീകരിച്ചത്. ഇതേത്തുടർന്നു വിവരാവകാശ കമ്മീഷനിൽ പരാതി നൽകി. രേഖകൾ പരാതിക്കാരനു നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും നൽകാനാകില്ലെന്ന നിലപാടാണ് പിഎസ്സി കൈക്കൊണ്ടത്.
വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നടപടികളുമായാണ് പിഎസ്സി മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു രേഖകൾ കൈമാറിയിരിക്കുന്നത്. പിഎസ്സി പരീക്ഷ നിയമന ക്രമക്കേടിൽ നിരവധി പരാതികൾ മുഖ്യമന്ത്രിക്കു ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.